ഗാന്ധി നഗര്‍ : അന്താരാഷ്ട്ര വിപണിയില്‍ 150 കോടി വില വരുന്ന 30 കിലോ ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിയിലായി . എട്ട് പാക് പൗരന്മാരെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു .അന്താരാഷ്ട്ര മാരിടൈം അതിര്‍ത്തി രേഖയ്ക്ക് സമീപത്ത് നിന്നാണ് ബോട്ട് പിടിയിലായതെന്ന് ഡിഐജി ഹിമാന്‍ഷു ശുക്ല പറഞ്ഞു.
വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് എടിഎസിന്റെയും ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെയും സംയുക്ത സംഘം അറബിക്കടലിലെ അന്താരാഷ്ട്ര മാരിടൈം അതിര്‍ത്തി രേഖയ്ക്ക് സമീപം നിലയുറപ്പിച്ചിരുന്നു . ഇതാണ് സംഘത്തെ പിടികൂടാന്‍ സഹായകമായത്.ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ബോട്ട് പ്രവേശിച്ചയുടനെ തങ്ങള്‍ ബോട്ട് പരിശോധിച്ചുവെന്നും ഹിമാന്‍ഷു ശുക്ല പറഞ്ഞു.
ദേവഭൂമി-ദ്വാരക ജില്ലാ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും, എടിഎസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുമാണ് ഏജന്‍സികള്‍ക്ക് ഈ രഹസ്യവിവരം കൈമാറിയതെന്ന് ഗുജറാത്ത് എ ടി എസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.