സ്മാർട് സിറ്റി ടെക്നോളജി രംഗത്തെ അതികായരായ സിംകോൺ ലൈറ്റിങ്ങ്, പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചു. സിംകോണിൻ്റെ
സ്മാർട് ലൈറ്റിങ്ങ് കൺട്രോൾസ്, സ്മാർട് സിറ്റി പ്ലാറ്റ്‌ഫോംസ് എന്നിവ കാര്യക്ഷമമാക്കാനും നഗരങ്ങളിലും പൊതുജനോപകാര സേവനത്തുറകളിലും സ്മാർട് സിറ്റി അപ്ലിക്കേഷനുകളുടെ നേട്ടങ്ങൾ വേഗത്തിലാക്കാനും പങ്കാളിത്തം വഴിയൊരുക്കും.

ബഹുവർഷ കരാറിന് കീഴിൽ, യുഎസ് ടിയുടെ സെമി കണ്ടക്റ്റർ വെർടിക്കലും പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ് സേവന വിഭാഗമായ യുഎസ്ടി ബ്ലൂകോഞ്ച് ടെക്നോളജീസും ചേർന്ന് സോഫ്റ്റ് വെയർ വികസനം, മാനുഫാക്ചറിങ്ങ്, ആർ & ഡി, സപ്ലൈ ചെയിൻ, ഫേംവെയർ, ക്ലൗഡ് പ്ലാറ്റ്ഫോമുകൾ, മൊബിലിറ്റി എന്നിവയിലുടനീളം സിംകോണിന് ഹൈടെക് സേവനങ്ങൾ നൽകും.

സിം‌കോണിന്റെ പ്രൊപ്രൈറ്ററി പ്രൊഡക്റ്റ്‌ നിർമാണത്തിനുള്ള എൻഡ്-ടു-എൻഡ് എഞ്ചിനീയറിങ്ങ് സേവനങ്ങളാണ് യുഎസ്ടി‌ വാഗ്ദാനം ചെയ്യുന്നത്. യുഎസ് ടി യുടെ വിദഗ്ധരായ ഹാർഡ്‌വെയർ, ഫേംവെയർ, സോഫ്റ്റ് വെയർ എഞ്ചിനീയർമാർ വിശ്വസനീയമായ പ്രൊഡക്റ്റ് ലൈനുകൾ രൂപപ്പെടുത്തും. വിതരണ ശൃംഖലയും സംഭരണവും മെച്ചപ്പെടുത്തി സാധ്യമായ ഇടങ്ങളിൽ പ്രാദേശികവൽക്കരണം നടപ്പിലാക്കാനും ഇരു കമ്പനികളും യോജിച്ച് പ്രവർത്തിക്കും.

ഇന്റലിജന്റ് ലൈറ്റിങ്ങ് സിസ്റ്റത്തിൽ ഊന്നൽ നൽകിയുള്ള ബഹുവർഷ പങ്കാളിത്ത കരാറിൽ രൂപകൽപ്പന മുതൽ ഓപ്പറേഷൻസ് വരെയുള്ള മുഴുവൻ കാര്യങ്ങളും ഉൾപ്പെടുന്നു. യുഎസ് ടി യുടെ ലോകമെമ്പാടുമുള്ള സെൻ്റേഴ്സ് ഓഫ് എക്സലൻസിലൂടെയാണ് (സിഒഇ) പ്രവർത്തനം. യുഎസ് ടി യുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാവുന്നതിൽ വലിയ ആവേശത്തിലാണെന്ന്
സിംകോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്വപ്‌നിൽ ഷാ പറഞ്ഞു. ” യുഎസ് ടി യുമായി ദീർഘകാല ബന്ധമാണ് എനിക്കുള്ളത്. കരിയറിൽ ഉടനീളം ഉത്പാദനപരമായ ഈ പങ്കാളിത്തത്തിന്റെ നീണ്ട ചരിത്രം ഞാൻ ആസ്വദിച്ചിട്ടുണ്ട്. വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സിംകോണിന്റെ ആഗോള ഡെലിവറി വളർച്ചയെ പിന്തുണയ്ക്കാനുള്ള യുഎസ് ടി യുടെ കഴിവിൽ വലിയ വിശ്വാസമുണ്ട്. ദീർഘകാലം നിലനിൽക്കുന്ന, മെച്ചപ്പെട്ട ബന്ധമാണ് പ്രതീക്ഷിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.

ലോകോത്തര ഉത്പന്നങ്ങൾ‌ നിർമിക്കാനുളള‌ സിം‌കോണിൻ്റെ ശ്രമങ്ങളെ യുഎസ് ടി യുടെ വിപുലമായ പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ് വൈദഗ്ധ്യത്തിലൂടെ പിന്തുണയ്ക്കുമെന്ന് യുഎസ് ടി ബ്ലൂകോഞ്ച് ടെക്നോളജീസ് പ്രസിഡന്റ് എസ്. രാംപ്രസാദ് അഭിപ്രായപ്പെട്ടു. അടുത്തിടെ അഹമ്മദാബാദിൽ‌ സ്ഥാപിച്ച മികവിന്റെ കേന്ദ്രം ഉൾപ്പെടെ കമ്പനിയുടെ ഗ്ലോബൽ സെൻ്ററുകൾ ഇതിനായി പ്രയോജനപ്പെടുത്തും.‌ ഇൻഡസ്ട്രി 4-ലും ഐഒടി അധിഷ്ഠിത പരിഹാരങ്ങളിലും പങ്കാളിത്തം കരുത്തു പകരുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ലോകമെമ്പാടുമുള്ള വ്യാവസായിക, ഓട്ടോമോട്ടീവ് ഉപയോക്താക്കൾക്ക് എൻഡ്-ടു-എൻഡ് പരിഹാരങ്ങൾ നൽകാൻ തങ്ങളെ പ്രാപ്തരാക്കുന്ന ഐടി, ഹാർഡ്‌വെയർ, പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ് വൈദഗ്ധ്യവും യോജിപ്പാർന്ന പ്രവർത്തനവും അടിസ്ഥാനമാക്കിയാണ് സിംകോണുമായുള്ള ബന്ധം രൂപപ്പെട്ടതെന്ന് യുഎസ് ടി വൈസ് പ്രസിഡൻ്റും സെമി കണ്ടക്റ്റർ വിഭാഗം ഹെഡുമായ ഗിൽറോയ് മാത്യു പറഞ്ഞു. സിംകോണിൻ്റെ തന്ത്രപ്രധാന പങ്കാളിയെന്ന നിലയിൽ, പ്രവർത്തിക്കുന്ന 26 രാജ്യങ്ങളിലെ യുഎസ് ടി ഉപയോക്താക്കൾക്കും സ്മാർട് സിറ്റി പരിഹാരങ്ങൾ ലഭ്യമാക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

15-ലേറെ രാജ്യങ്ങളിലായി 5000-ത്തിലധികം സ്പെഷ്യലിസ്റ്റുകളാണ് യുഎസ് ടി യുടെ സെമികണ്ടക്റ്റർ വെർടിക്കലിൽ പ്രവർത്തിക്കുന്നത്. ലോകമെമ്പാടുമുള്ള മികച്ച പത്ത് സെമികണ്ടക്റ്റർ കമ്പനികളിൽ എട്ടിനെയും പിന്തുണയ്ക്കുന്നത് വൈവിധ്യമാർന്ന ഈ ടാലന്റ് ബേസാണ്. യുഎസ് ടി യുടെ സെമികണ്ടക്റ്റർ മികവും ബ്ലൂ‌കോഞ്ചിന്റെ ആഴത്തിലുള്ള പ്രൊഡക്റ്റ് എഞ്ചിനീയറിങ്ങ് ശേഷിയും ആഗോള വിപണിയിലെ ആവശ്യങ്ങൾ‌ നിറവേറ്റാനുള്ള സിം‌കോണിൻ്റെ പരിശ്രമങ്ങൾക്ക് കരുത്ത് പകരും.