കോവിഡ് ടെസ്റ്റുകളുടെ കാര്യത്തില് കേരളം മറ്റു സംസ്ഥാനങ്ങളെക്കാള് മികച്ച നിലയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പത്ത് ലക്ഷത്തിന് 3,99,427 എന്നതാണ് കേരളത്തിലെ ടെസ്റ്റ് നിരക്ക്. ഇന്ത്യയില് ഇത് പത്ത് ലക്ഷത്തിന് 1,88,854 മാത്രമാണ്.

മരണനിരക്ക് കേരളത്തില് 0.41 ശതമാനമാണെങ്കില് ഇന്ത്യയില് 1.24 ശതമാനമാണെന്നും മന്ത്രി വ്യക്തമാക്കി. സീറോ സര്വൈലന്സ് സ്റ്റഡി പ്രകാരം കേരളത്തില് 11 ശതമാനം പേര്ക്കാണ് കോവിഡ് ബാധിച്ചത്. 89 ശതമാനം കുടുംബങ്ങള് കോവിഡ് ബാധിക്കാത്തവരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മട്ടന്നൂര് പഴശ്ശിയിലെ വീട്ടില് മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു മന്ത്രി. കോവിഡ് വാക്സിനേഷന്റെ പ്രയോജനം ഏറ്റവും കൂടുതല് ലഭ്യമാവുക കേരളത്തിലെ ജനങ്ങള്ക്കാണ്. അതുകൊണ്ടാണ് മുഴുവനാളുകളും പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാകണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്ഥിക്കുന്നത്. ഇപ്പോള് ലോകത്ത് കോവിഡിന്റെ രണ്ടാംതരംഗമാണുണ്ടായിട്ടുള്ളത്. ഇതിന്റെ ഭാഗമായി കേരളത്തിലും വര്ധനയുണ്ടായി.

തെരഞ്ഞെടുപ്പ് നടന്നതിനാല് ജനങ്ങളുടെ കൂടിച്ചേരലുണ്ടായി. ഇനിയുള്ള ദിവസങ്ങളില് കൂടുതല് ജാഗ്രത പാലിക്കണം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് യോഗം ചേര്ന്ന് തുടര്നടപടികള് സ്വീകരിച്ചത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്ത്തിച്ചാല് കേരളത്തില് ഇനിയും കോവിഡ് മരണനിരക്ക് കുറച്ചുകൊണ്ടുവരാനാകും. രോഗവ്യാപനത്തില്നിന്ന് മോചനം നേടാനും സാധിക്കും.

ഒരോ വാര്ഡിലെയും 45 വയസിന് മുകളിലുള്ള എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയെന്ന് ഉറപ്പുവരുത്തും. ഇതിനാവശ്യമായ കേന്ദ്രങ്ങള് തുടങ്ങാന് ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആവശ്യത്തിന് വാക്സിന് എത്തിച്ചുതരാന് കേന്ദ്ര സര്ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള് രണ്ട് ദിവസത്തേക്കുള്ള വാക്സിനേ കേരളത്തില് സ്റ്റോക്കുള്ളൂ.

17,18 തീയതികളില് വാക്സിന് അയച്ചുതരാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വാക്സിന് ക്ഷാമം ഒരു പ്രശ്നമാണ്– കെ കെ ശൈലജ പറഞ്ഞു.