വിശാഖപട്ടണം: മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയുടെ വീട്ടില്‍ കയറി ബന്ധുക്കളായ ആറുപേരെ കൊന്ന് ഇരയുടെ പിതാവ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. മകളെ ബലാല്‍സംഗം ചെയ്തെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് പെണ്‍കുട്ടിയുടെ പിതാവ് പ്രതിയുടെ വീട്ടില്‍ കയറി കൂട്ടക്കൊല നടത്തിയത്.
പ്രതിയുടെ വീട്ടിലെത്തി പുല്ലു വെട്ടാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് കൊലപാതകങ്ങള്‍ നടത്തിയത്. ഒരു പുരുഷന്, മൂന്ന് സ്ത്രീകള്‍ രണ്ട് വയസും ആറുമാസവും പ്രായമുള്ള കുഞ്ഞുങ്ങള്‍ എന്നിങ്ങനെ ആറുപേരെ കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞ അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. വ്യാഴാഴ്ച രാവിലെയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഈ രണ്ടു കുടുംബങ്ങളും തമ്മില്‍ വളരെ കാലമായി ശത്രുതയിലായിരുന്നു. അതിനിടെയാണ് ആറു പേരെ കൊലപ്പെടുത്തിയ ആളുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലുള്ള വിജയ് എന്ന വ്യക്തി ബലാല്‍സംഗം ചെയ്തതായി ആരോപണം ഉയരുന്നത്. ഇത് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും വിജയ്-ക്ക് എതിരെ പൊലീസ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ച വിജയ് എന്നയാളുടെ വീട്ടില്‍ കയറി കൂട്ടക്കൊല നടത്തിയത്. വിജയ് എന്നയാളുടെ ഭാര്യയും കുട്ടികളും അച്ഛനും, അച്ഛന്റെ രണ്ടു സഹോദരിമാരുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ മുന്‍ തലമുറയില്‍ പെട്ടവര്‍ തമ്മില്‍ ഇരു കുടുംബങ്ങളുമായി കലഹം നിലനിന്നിരുന്നു. ഇരു വീട്ടുകാരും തമ്മില്‍ കലഹവും സംഘര്‍ഷവും പതിവായിരുന്നു. എന്നാല്‍ 2018ല്‍ ആണ് വിജയ്, അയല്‍ വീട്ടിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഉണ്ടാകുന്നത്. അതിനു ശേഷം ഇരു വീട്ടുകാരും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ റിമാന്‍ഡിലായ വിജയ് പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. അതിനിടെയാണ് ഇപ്പോള്‍ ദാരുണമായ കൊലപാതകങ്ങള്‍ അരങ്ങേറിയത്. സംഭവം നടക്കുമ്ബോള്‍ വിജയ് വീട്ടില്‍ ഇല്ലായിരുന്നു.
വെട്ടേറ്റു വീണവരുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ ഓടി എത്തുന്നത്. എന്നാല്‍ അവര്‍ എത്തിയപ്പോഴേക്കും എല്ലാവരും വെട്ടേറ്റു വീണിരുന്നു. ആയുധവുമായി കൊലവിളി നടത്തി നിന്ന പ്രതിയുടെ അടുത്തേക്കു പോകാന്‍ ആരും ധൈര്യപ്പെട്ടില്ല. ഇതിനിടെയാണ് നാട്ടുകാരില്‍ ചിലര്‍ പൊലീസില്‍ വിവരം അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോഴും പ്രതി അവിടെനിന്ന് പോയിരുന്നില്ല. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പ്രതി നിന്നിരുന്നത്. പൊലീസ് എത്തിയതോടെ കീഴടങ്ങാന്‍ തയ്യാറായി പ്രതി മുന്നോട്ടു വരികയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.