ന്യൂദല്‍ഹി: കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണയുമായി മകേഷ് അംബാനി. അദ്ദേഹത്തിന്റെ ശുദ്ധീകരണശാലകളില്‍ ഉത്പാദിപ്പിച്ച ഓക്‌സിജന്‍ വഴിതിരിച്ചു വിടുന്നു. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ, രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മുംബൈയെ കോവിഡ് രൂക്ഷമായി ബാധിച്ച പശ്ചാത്തലത്തിലാണ് അംബാനിയുടെ നടപടി.

ലോകത്തെ ഏറ്റവും വലിയ ശുദ്ധീകരണ സമുച്ചയം രാജ്യത്തു നടത്തുന്ന അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ജാംനഗര്‍ മുതല്‍ മഹാരാഷ്ട്രവരെ സൗജന്യമായി ഓക്‌സിജന്‍ വിതരണം ആരംഭിച്ചതായി ആഭ്യന്തരനയത്തിന്റെ ഭാഗമായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കമ്ബനിയുടെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

റിലയന്‍സില്‍നിന്ന് 100 ടണ്‍ വാതകം സംസ്ഥാനത്തിന് ലഭിക്കുമെന്ന് മഹാരാഷ്ട്ര നഗരവികസന മന്ത്രി എക്‌നാഥ് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിന്റെ പിടിയിലാണ് രാജ്യമിപ്പോള്‍. ആശുപത്രികളില്‍ കിടക്കകള്‍ക്കും ഓക്‌സിജനും ക്ഷാമം നേരിടുന്നുണ്ട്. അംബാനിയുടെ വീടും റിലയന്‍സിന്റെ ആസ്ഥാനവും സ്ഥിതി ചെയ്യുന്ന മുംബൈയിലാണ് കോവിഡ് ഏറ്റവും രൂക്ഷം.