ഗോഹട്ടി : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അസമില്‍ അഞ്ചംഗ കുടുംബം ജീവനൊടുക്കി. ദമ്പതികളും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്. അസമിലെ കോകര്‍ജാര്‍ ജില്ലയിലാണ് സംഭവം.

നിര്‍മല്‍ പോള്‍ (45), ഭാര്യ മല്ലിക (40), മകള്‍ പൂജ (25), മറ്റ് രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്. ഗ്യാസ് ഏജന്‍സി നടത്തിവരികയായിരുന്ന നിര്‍മല്‍ ബേങ്കില്‍ നിന്നും 30 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം കുറച്ചു മാസങ്ങളായി തിരിച്ചടവ് മുടങ്ങി. ഇതിന്റെ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

ഞായറാഴ്ച വൈകിട്ടോടെയാണ് മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കാണപ്പെട്ടത്. സയന്‍സ് ബിരുദധാരിയായ പൂജ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു. മറ്റ് രണ്ടു മക്കള്‍ വിദ്യാര്‍ഥിനികളാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടിന് ശേഷം സംസ്‌കരിച്ചു. പോലീസ് അന്വേഷണം തുടങ്ങി