തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. മാളുകളിൽ പ്രവേശനത്തിന് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കൊറോണ പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസും എടുത്തവർക്ക് മാളുകളിലും മാർക്കറ്റുകളിലും പ്രവേശിക്കാം. അല്ലാത്തപക്ഷം ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്.

പൊതുപരിപാടികളിലെ പങ്കാളിത്തത്തിന് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതു പരിപാടികളിൽ പരമാവധി 50 മുതൽ 100 പേർ വരെ മാത്രമെ പങ്കെടുക്കാൻ പാടുള്ളൂ. നാളെയും മറ്റന്നാളുമായി രണ്ടരലക്ഷം കൊറോണ പരിശോധന നടത്താനും യോഗത്തിൽ തീരുമാനമായി. ഏറ്റവും കൂടുതൽ പരിശോധന നടത്തുക എറണാകുളം ജില്ലയിലായിരിക്കും. ഇവിടെ 30,900 പേരെ പരിശോധിക്കും. തീവ്രപരിചരണത്തിന് കൂടുതൽ കിടക്കകളും സജ്ജമാക്കും.

കേന്ദ്രത്തോട് കൂടുതൽ വാക്‌സിൻ ആവശ്യപ്പെടുമെന്നും യോഗത്തിൽ അറിയിച്ചു. 25 ലക്ഷം കൊവാക്‌സിനും 25 ലക്ഷം കൊവിഷീൽഡുമാണ് ആവശ്യപ്പെടുന്നത്. വാക്‌സിൻ ലഭിക്കുന്ന മുറയ്ക്ക് മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ വിപുലീകരിക്കും. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പോയവരെ എല്ലാവരേയും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കും. വിവാഹം, ഗൃഹ പ്രവേശം എന്നിവയ്ക്ക് മുൻകൂർ അനുമതി തേടണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം തുടരണം. സ്‌കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പെടുത്തണം. മാസ് പരിശോധനയിൽ ആദ്യം പരിഗണന നൽകുന്നത് തെരഞ്ഞെടുപ്പ് പ്രചാരണവുമായും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്ക് ആയിരിക്കും. നിയന്ത്രണങ്ങൾ പൊതുജനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പോലീസ് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.