ബംഗളൂരു: സെൽഫി എടുക്കാൻ ഗുഡ്‌സ് ട്രെയിനിന്റെ മുകളിൽ കയറിയ 16 വയസുകാരൻ വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിൽ. മംഗളൂരുവിലെ ജോക്കാട്ടെ റോഡിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ കടന്നു പോകുന്ന ഇലക്ട്രിക് കേബിളിൽ നിന്നാണ് 16കാരന് ഷോക്കേറ്റത്.

മുഹമ്മദ് ദിഷാനാണ് വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. ശരീരത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ഹൈ പവർ ഇലക്ട്രിക് കമ്പിയിൽ അബദ്ധത്തിൽ കൈ തട്ടിയതാണ് അപകട കാരണം. 25000 വോൾട്ട് വൈദ്യുതി കടന്നു പോകുന്ന കമ്പിയിലാണ് തൊട്ടത്. ഇതിന് പിന്നാലെ മുഹമ്മദ് ദിഷാൻ റെയിൽവേ ട്രാക്കിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടൻ തന്നെ റെയിൽവേ അധികൃതർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.