ലക്‌നൗ : ഉത്തർപ്രദേശിലെ 1500 ഓളം സർക്കാർ സ്‌കൂളുകളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളാക്കി മാറ്റി യോഗി സർക്കാർ. വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരാനും വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കാനുമുളള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നീക്കം. നിലവിൽ സർക്കാർ സ്‌കൂളിലെ കുട്ടികൾ സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളുമായി മത്സരിക്കുന്നതാണ് കാണാൻ സാധിക്കുന്നതെന്ന് അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർവേന്ദ്ര വിക്രം സിംഗ് അറിയിച്ചു.

വിദ്യാർത്ഥികളുടെ അർപ്പണ ബോധവും അദ്ധ്യാപകരുടെ കഠിനാധ്വാനവും കാരണമാണ് ഇത് പ്രാവർത്തികമാക്കാൻ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് സ്‌കൂളിലേയ്ക്ക് വരാൻ പ്രചോദനം നൽകുന്നതിനായി പുസ്തകം, യൂണിഫോം, ബാഗ്, സോക്‌സ്, സ്വെറ്റർ എന്നിവയും സർക്കാർ സൗജന്യമായി നൽകുന്നുണ്ട്.

സംസ്ഥാന വിദ്യാഭ്യാസ വികസനത്തിന്റെ ഭാഗമായി ‘ഓപ്പറേഷൻ കായകൽപ്’ എന്ന പദ്ധതി സർക്കാർ ആരംഭിച്ചിരുന്നു. പദ്ധതിയിലൂടെ 1.39 ലക്ഷം സ്‌കൂളുകളാണ് സർക്കാർ നവീകരിച്ചത്. 1.5 ലക്ഷം സ്‌കൂളുകളിലായി 1.83 കോടിയോളം വിദ്യാർത്ഥികളാണ് ഇപ്പോൾ പഠിക്കുന്നത്. എല്ലാ ബ്ലോക്കുകളിലും രണ്ട് മുതൽ മൂന്ന് വരെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുണ്ട്.

നേരത്തെ ‘അഭ്യുദയ കോച്ചിംഗ്’ എന്ന പദ്ധതിയും സംസ്ഥാന സർക്കാർ ആരംഭിച്ചിരുന്നു. ജെഇഇ, നീറ്റ്, യുപിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് സൗജന്യമായി കോച്ചിംഗ് നൽകാനായിരുന്നു ഇത്.