തിരുവനന്തപുരം: കേരളത്തിൽ ഇരുപതു വയസിന് താഴെയുള്ളവരുടെ കൊറോണ മരണങ്ങൾ ആശങ്കയുണർത്തുന്നതായി റിപ്പോർട്ട്. 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവരിലെ കൊറോണ ബാധ കൂടുന്നതും മരണനിരക്ക് വർദ്ധിക്കുന്നതുമാണ് ആരോഗ്യവകുപ്പ് ഗൗരവമായി കാണുന്നത്. ഈ പ്രായപരിധിയിലുള്ളവർ പനി പോലുള്ള ലക്ഷണങ്ങൾ കണ്ടാലും ആരോഗ്യമുണ്ടെന്ന കാരണത്താൽ ചികിത്സതേടാൻ കാണിക്കുന്ന വിമുഖതയും കാലതാമസവും അപകടമാണെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് നൽകുന്നത്.

കേരളത്തിലെ ഏറ്റവും പുതിയ കണക്കിൽ 17 വയസ്സ് വരെയുള്ള കുട്ടികളിൽ 12 പേർ ഇതുവരെ കൊറോണ ബാധിച്ച് മരണപ്പെട്ടു. 18 വയസിനും 40 വയസിനും ഇടയിൽ ഇതുവരെ 170 പേരാണ് മരിച്ചിട്ടുള്ളത്. 41 വയസിനും 59 വയസിനും ഇടയിൽ 976 പേരും മരണത്തിന് കീഴടങ്ങിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കൊറോണ നിയന്ത്രണങ്ങൾ ഉള്ളപ്പോഴും ഏറ്റവും കൂടുതൽ സമയം പുറത്ത് പോകുന്നവർ 18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരാണെന്നത് ആശങ്ക കൂട്ടുകയാണ്. രോഗ ലക്ഷണങ്ങൾ പ്രകടമായാൽ ഇത്തരക്കാർ കർശനമായി വീട്ടിൽ തന്നെ ഇരിക്കുകയും ചികിത്സ തേടുകയും വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.