കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ കോൺഗ്രസിന്റെ പ്രചാരണരംഗത്ത് രാഹുൽ ഗാന്ധിയുടെ അഭാവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. രാഹുലിന്റെ അസാന്നിധ്യം കോൺഗ്രസ്- തൃണമൂൽ ധാരണയുടെ ഭാഗമാണെന്ന വിമർശനങ്ങൾക്കിടെ ഇന്നലെ രാഹുൽ പ്രചാരണത്തിന് ഇറങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പിന്നിട്ട ശേഷം ഉത്തർ ദിനാജ്പൂർ ജില്ലയിലാണ് രാഹുൽ പ്രചാരണത്തിന് ഇറങ്ങിയത്.

മമത ബാനർജിയെയും ബിജെപിയെയും നിശിതമായി വിമർശിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. മമതയ്ക്ക് നിങ്ങൾ അവസരം നൽകി. പക്ഷെ മമത റോഡുകളോ കോളജുകളോ ഉണ്ടാക്കിയോ എന്ന് രാഹുൽ ചോദിച്ചു. ജോലിക്കായി ബംഗാളിലെ ജനങ്ങൾ പുറത്തേക്ക് പോകുകയാണ്. ബംഗാളിൽ മാത്രമാണ് ജോലിക്കായി കോഴ നൽകേണ്ടി വരുന്നതെന്നും രാഹുൽ വിമർശിച്ചു.

ബിജെപിയുടെ ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതമാണ്. അവർ ഒരിക്കലും തൃണമൂൽ മുക്ത ഭാരതമല്ല മുന്നോട്ടുവെയ്ക്കുന്നതെന്ന് രാഹുൽ പറഞ്ഞു. ബിജെപിയും ആർഎസ്എസുമായുളള കോൺഗ്രസിന്റെ പോരാട്ടം രാഷ്ട്രീയം മാത്രമല്ല ആശയപരമായിക്കൂടിയാണെന്ന് രാഹുൽ പറഞ്ഞു. മമതയ്ക്ക് അത് രാഷ്ട്രീയ പോരാട്ടം മാത്രമായിരിക്കും. കാരണം മമത മുൻപ് അവരുടെ സഖ്യത്തിലായിരുന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

ബിജെപിയുടെ വാഗ്ദാനമായ സുവർണ ബംഗാളിനെയും രാഹുൽ പരാമർശിച്ചു. എല്ലാ സംസ്ഥാനങ്ങളിലും സമാനമായ വാഗ്ദാനമാണ് ബിജെപി നൽകുന്നതെന്നായിരുന്നു രാഹുലിന്റെ ആക്ഷേപം. തമിഴ്‌നാട്ടിലും കേരളത്തിലും അസമിലും പുതുച്ചേരിയിലുമൊക്കെ സജീവമായി പ്രചാരണത്തിന് എത്തിയ രാഹുൽ ബംഗാളിൽ നിന്ന് വിട്ടുനിൽക്കുന്നത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇടതുമായി ചേർന്ന് മത്സരിക്കുന്ന ബംഗാളിൽ പ്രചാരണത്തിന് ഇറങ്ങാനുളള ജാള്യതയാണ് രാഹുലിന്റെ പിൻമാറ്റത്തിന് പിന്നിലെന്നും വിമർശനം ഉയർന്നിരുന്നു.

രാഹുൽ ബംഗാളിൽ പ്രചാരണത്തിന് ഇറങ്ങുന്നത് കേരളത്തിലടക്കം കോൺഗ്രസിന് തിരിച്ചടിയാകുമെന്നും അതിനാലാണ് വിട്ടുനിൽക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു