മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ യുവരക്തങ്ങൾ ആദ്യമായി ഇന്ന് ഐ.പി.എല്ലിൽ പരസ്പരം ഏറ്റുമുട്ടുന്നു. ആജ്യമായി നായകന്മാരാകുന്നുവെന്ന പ്രത്യേകതയാണ് ഇരുവരുടേയും പ്രത്യേകത. രാജസ്ഥാൻ റോയൽസിനായി സഞ്ജുവും ഡൽഹി ക്യാപ്പിറ്റൽസിനായി ഋഷഭ് പന്തുമാണ് കളത്തിലിറങ്ങുന്നത്.

സീസണിലെ ആദ്യമത്സരത്തിൽ ടീം അവസാന പന്തിൽ തോറ്റെങ്കിലും സെഞ്ച്വറിയോടെ ടീമിനെ രക്ഷിക്കാൻ സഞ്ജു നടത്തിയ പ്രകടനം എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിക്കഴിഞ്ഞു. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഋഷഭ് പന്ത്. ബൗളിംഗിൽ ഇരുടീമുകൾക്കും കുറവുകളുള്ളത് ബാറ്റിംഗ് നിര പരിഹരിക്കേണ്ടി വരും. രാജസ്ഥാനിൽ ബെൻ സ്റ്റോക്‌സ് പരിക്കേറ്റ് പുറത്തായത് തിരിച്ചടിയാണ്.

മികച്ച തുടക്കമിടാൻ പാകത്തിന് ജോസ് ബട്‌ലർ ഓപ്പണറാകുന്നത് ബാറ്റിംഗ് സ്ഥിരതയ്ക്ക് സഹായമാകുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സഞ്ജുവിന് കഴിഞ്ഞ മത്സരത്തിൽ പിന്തുണ നൽകാൻ ശ്രമിച്ച ശിവം ദുബെയും റിയാൻ പരാഗും ഫോം വീണ്ടെടുത്താൽ രാജസ്ഥാൻ ജയം നേടും. ബൗളിംഗിൽ കഴിഞ്ഞ മത്സരത്തിൽ വിക്കറ്റ് വീഴ്ത്തിയ ചേതനും ക്രിസ് മോറിസും തിളങ്ങിയാൽ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാകും.

കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ തകർത്താണ് ഡൽഹി ഇന്നിറങ്ങുന്നത്. തന്റെ എക്കാലത്തേയും പ്രചോദനമായ ധോണിയുടെ ടീമിനെ തോൽപ്പിക്കാനായത് പന്തിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ബാറ്റിംഗിൽ ശിഖർ ധവാനും പൃഥ്വി ഷായും നൽകിയ സ്‌ഫോടനാത്മകമായ തുടക്കം വീണ്ടും ആവർത്തിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സ്പിന്നർമാരിൽ ഇന്ത്യൻ സീനിയർ താരങ്ങളായ അശ്വിനും അമിത് മിശ്രയും എത്ര ഉയർന്ന സ്‌കോറിംഗിനേയും തടയാൻ കെൽപ്പുള്ളവരാണെന്നത് ഡൽഹിക്ക് ഗുണമാണ്.