കാസര്‍കോട്: മംഗളൂരു ബോട്ടപകടത്തിന്റെ കാരണം ബോട്ടിലെ സ്രാങ്ക് ഉറങ്ങിപ്പോയതാകാമെന്ന് സംശയം. മീന്‍പിടുത്ത ബോട്ട് കപ്പല്‍ ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതായും കോസ്റ്റല്‍ പൊലീസ് അറിയിക്കുന്നു.

കപ്പലിന് പുറകില്‍ ബോട്ട് അങ്ങോട്ട് പോയി ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ടവരുടെ മൊഴി പ്രകാരമാണ് നിഗമനമെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു.

അതേസമയം കാണാതായ ഒമ്ബത് പേര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. ഇന്നലെ പുലര്‍ച്ചെ 2.30ന് മംഗലപുരത്ത് നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ബോട്ടപകടം. ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് മംഗലപുരം പുറംകടലില്‍ വിദേശ കപ്പലിലിടിച്ച്‌ തകര്‍ന്ന് മൂന്ന് പേരാണ് മരിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരെ മംഗളൂരു വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി.