തിരുവനന്തപുരം: എല്‍ ഡി എഫ് ഗവണ്മെന്റിന്റെ ഭരണത്തിന്റെ അവസാനകാലത്ത് സര്‍ക്കാറിന്റെ അജണ്ടയില്‍ തന്നെ ഇല്ലാത്തതായിരുന്നു മന്ത്രി കെ.ടി. ജലീലിന്റെ രാജി. തുടര്‍ഭരണം വന്നാല്‍ മന്ത്രിസ്ഥാനത്തിന് ഏറക്കുറെ ഉറപ്പായ നേതാവാണ് ഇപ്പോള്‍ ഫലപ്രഖ്യാപനത്തിന് 18 ദിവസം മാത്രം ബാക്കിനില്‍ക്കെ രാജിവെച്ച് പുറത്തുപോയത്. സി.പി.എമ്മിനും എല്‍.ഡി.എഫിനും ഇത് മുഖം രക്ഷിക്കലാണ്. സി.പി.എമ്മിനോട് തോള് ചേര്‍ന്ന് 15 വര്‍ഷമായി മുന്നോട്ടുപോകുന്ന ജലീലിന് പക്ഷേ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ നാളുകളാണ് ഇനി മുന്നിലുള്ളത്. ജലീല്‍ പാര്‍ട്ടിയുടെ പ്രധിനിധി മാത്രമാണ്. ഒന്നും അയാള്‍ക്ക് ഒറ്റയ്ക്ക് ചെയ്ത് കൂട്ടാനും കഴിയില്ല എന്നുമാണ് പലരും ചര്‍ച്ച ചെയ്യുന്നത്
എല്‍ ഡി എഫ് ന് ഭരണത്തുടര്‍ച്ച ഉണ്ടായാലും കെ.ടി.ജലീല്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പില്ലാതായി. ബന്ധുനിയമനത്തിലെ ലോകായുക്ത വിധിക്കെതിരെ ഹൈകോടതിയില്‍ ജലീല്‍ നല്കിയ ഹരജിയിലെ അന്തിമ തീരുമാനം വരെ അദ്ദേഹത്തിന് ഇനി ഒഴിഞ്ഞുനില്ക്കേണ്ടിതന്നെ വരും. പിണറായി വിജയന് തിങ്കളാഴ്ച ലോകായുക്ത വിധിപ്പകര്‍പ്പ് ലഭിച്ചിരുന്നു. വിധിയിലെ നിരീക്ഷണങ്ങള്‍ നിലനില്ക്കുേമ്ബാള് ഭരണത്തിെന്റ അവസാനകാലത്ത് അനാവശ്യ വിവാദങ്ങള്‍ തുടരണമോയെന്ന ചിന്ത നേതൃത്വത്തിലും ശക്തമായി. ഇതോടെ മന്ത്രി സ്ഥാനം ഒഴിയുന്നതിലേക്ക് ജലീല്‍ മാനസികമായി എത്തി.
മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമായി ആശയവിനിമയം നടത്തിയശേഷം തിങ്കളാഴ്ച രാത്രിതന്നെ രാജിക്കത്ത് തയാറാക്കി ഗണ്‍മാനെ ഏല്പിച്ച് ജലീല്‍ തലസ്ഥാനത്തോട് യാത്ര പറഞ്ഞു. ചൊവ്വാഴ്ച രാവിലെ മന്ത്രിയുടെ ഗണ്മാന് മുഖ്യമന്ത്രിയുടെ ഒാഫിസില്‍ രാജിക്കത്ത് എത്തിച്ചു. അവിടെനിന്ന് അത് മുഖ്യമന്ത്രിക്ക് ഫാക്സ് അയച്ചു. പിണറായി ഒപ്പിട്ട് തിരിച്ചെത്തിയതോടെ വേഗത്തില്‍ ഗവര്‍ണറുടെ ഓഫീസില്‍ എത്തിച്ചു. ഗവര്‍ണര്‍ ഉച്ചക്ക് ഒപ്പുവെച്ചതോടെ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പും രാജിവിവരവും പുറംലോകമറിഞ്ഞു.
മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന ജലീലിന്റെ രാഷ്ട്രീയ ഇറക്കം അദ്ദേഹത്തിനും തിരിച്ചടിയാണ്. മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്കുകൂടി താല്പര്യമുള്ള വിഷയങ്ങള്‍ അജണ്ടക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിക്കുന്നത് ജലീലാണെന്ന ആക്ഷേപം ഘടകകക്ഷികള്ക്കുണ്ടായിരുന്നു. പല വിവാദ തീരുമാനങ്ങളിലും സര്‍ക്കാറിനെ എത്തിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആക്ഷേപം.
ലോകായുക്ത വിധിക്കെതിരായ പോരാട്ടം ജലീല്‍ തുടരണമെന്ന നിലപാടില്‍തന്നെയാണ് സി.പി.എം. ഹൈകോടതിയിലെ നിയമപോരാട്ടവും രാജിയും തമ്മില്‍ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടുമ്ബോള്തന്നെ തല്ക്കാലം രാജിതന്നെയാണ് നല്ലതെന്ന നിലപാടില്‍ സി.പി.എം എത്തി. എല്ലാത്തിനും വേണ്ടി ജലീല്‍ ബലിയാടാവുകയാണെന്ന് പല രാഷ്ട്രീയ വിമര്‍ശകരും അനുമാനിച്ചിരിക്കുന്നു. മുഖം രക്ഷിച്ച സന്തോഷത്തില്‍ പാര്‍ട്ടിയും മാതൃകാ പരമായ നടപടി കൈക്കൊണ്ടതില്‍ മുഖ്യമന്ത്രിയും വാഴ്ത്തപ്പെടുന്നു.