തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഇന്ന് മുതല്‍ പൊലിസ് പരിശോധന ഉള്‍പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. സംസ്ഥാനമൊട്ടാകെ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.
പൊതുപരിപാടികളിലടക്കം നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടച്ചിട്ട ഹാളുകളിലെ പരിപാടികളില്‍ 100 പേരും പൊതുപരിപാടികളില്‍ 200 പേരും മാത്രമേ പങ്കെടുക്കാന്‍ പാടുളളുവെന്നാണ് നിര്‍ദേശം. ഒരു പരിപാടിയും രണ്ട് മണിക്കൂറിലധികം നടത്താന്‍ പാടില്ല. ഇഫ്താര്‍ അടക്കമുള്ള മതപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളികളില്‍ നടക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ക്ക് നിര്‍ബന്ധിത വിലക്കേര്പ്പെടുത്തിയേക്കില്ല.
ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പിക്കാന്‍ പൊലിസ് പരിശോധനയും ഇന്ന് മുതല്‍ കര്‍ശനമാക്കും. ഹോട്ടലുകളിലും ഭക്ഷ്യവിതരണ ശ്യംഖലകളും വഴി ഹോം ഡെലിവറി സംവിധാനം ഇന്ന് മുതല്‍ ശക്തമാക്കും.
15 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കാനുള്ള നടപടികളും ഇന്ന് മുതല്‍ ആരംഭിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ ആര്.ടി.പി.സി.ആര് പരിശോധനകള്‍ വര്‍ധിപ്പിക്കും.