സേലം: മാതാപിതാക്കളില്‍ നിന്നും ഏഴുവയസുകാരിയെ ‘വാങ്ങിയ’ വ്യവസായി അറസ്റ്റില്‍. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റിലായിട്ടുണ്ട്. വ്യവസായി ആയ കൃഷ്ണന്‍ എന്നയാളെയും പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും സേലം സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മുമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്‍റെ ചെറുമകളെ മകള്‍ പത്തുലക്ഷം രൂപയ്ക്ക് വിറ്റു എന്നാരോപിച്ചാണ് മുത്തശ്ശി പൊലീസിനെ സമീപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. നിലവില്‍ ശിശുസംരക്ഷണ സമിതിയുടെ ചുമതലയിലാണ് കുട്ടിയുള്ളത്.

സേലം സിറ്റി പൊലീസ് കമ്മീഷണര്‍ സന്തോഷ് കുമാര്‍ പറയുന്നതനുസരിച്ച്‌ കൃഷ്ണന്‍റെ വീട്ടിലെ ജോലിക്കാരിയായിരുന്നു പെണ്‍കുട്ടിയുടെ അമ്മ. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ഇവിടെ ജോലി നോക്കുന്നുണ്ട്. സമ്ബന്നനായ ഒരു വ്യവസായി ആണ് 53കാരനായ കൃഷ്ണന്‍. നഗരത്തിലെ അറിയപ്പെടുന്ന ഒരു ക്ലബിലെ അംഗം കൂടിയായ ഇയാള്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭാര്യയുമായി പിരിഞ്ഞിരുന്നു. –

ഏഴുവയസുകാരിയുടെ പിതാവ് മദ്യത്തിന് അടിമയാണ്. ഇയാള്‍ക്ക് സ്ഥിരവരുമാനം ഇല്ലാത്തതിനാല്‍ വീട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് കുട്ടിയുടെ അമ്മയായിരുന്നു. ‘വിറ്റ’ മകളെ കൂടാതെ പത്ത് വയസുകാരിയായ ഒരു മകളും ആറുവയസുള്ള മകനും ഇവര്‍ക്കുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് പൊലീസിന് പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ കോള്‍ ലഭിക്കുന്നത്. തന്‍റെ മകള്‍ അവളുടെ ഏഴുവയസുകാരിയായ മകളെ കൃഷ്ണന്‍ എന്നയാള്‍ക്ക് പത്ത് ലക്ഷം രൂപയ്ക്ക് വിറ്റു എന്നായിരുന്നു ഇവര്‍ ആരോപിച്ചത്. ‘ഞങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ആരോപണത്തെക്കുറിച്ച്‌ അന്വേഷിച്ചു. പെണ്‍കുട്ടി കഴിഞ്ഞ ആറേഴ് മാസമായി കൃഷ്ണനൊപ്പമാണ് കഴിഞ്ഞ് വന്നിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയെ പണം വാങ്ങി കൈമാറിയതാണെന്നതിന് തെളിവുകളൊന്നുമില്ല. കുട്ടിക്ക് മികച്ച വിദ്യാഭ്യാസം നല്‍കാമെന്ന് കൃഷ്ണന്‍ പറഞ്ഞിരുന്നു എന്നാണ് അമ്മ പറയുന്നത്. ഞങ്ങള്‍ കുട്ടിയെ രക്ഷപ്പെടുത്തി ശിശുസംക്ഷണ സമിതിക്ക് കൈമാറി’ എന്നാണ് കമ്മീഷണര്‍ അറിയിച്ചത്.

സംഭവത്തില്‍ പണമിടപാട് നടന്നിട്ടുണ്ട് എന്നതിന് നിലവില്‍ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരി കൃഷ്ണനില്‍ നിന്നും ഒന്നരലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ഇതിന് മാസം പലിശ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ തുക വായ്പ വാങ്ങിയതാണെന്നാണ് കരുതുന്നത്. അല്ലാതെ മറ്റ് തരത്തിലുള്ള സാമ്ബത്തിക ഇടപാടുകളൊന്നും കണ്ടെത്താനായില്ല എന്നും കമ്മീഷണര്‍ വ്യക്തമാക്കി.

ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടോ എന്നതടക്കം ഒരു കാര്യവും കുട്ടി ഇതുവരെ പറഞ്ഞിട്ടില്ല. വളരെ ചെറിയ കുട്ടിയായതു കൊണ്ട് തന്നെ ചൈല്‍ഡ് സൈക്കോളജിസ്റ്റുകളുടെയും ഈ മേഖലയില്‍ പരിചയ സമ്പത്തുള്ള എന്‍ജിഒകളുടെയും സഹായത്തോടെ കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. കുട്ടിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍ അതനുസരിച്ച്‌ മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പ്രതിക്കെതിരെ പോക്സോ അടക്കം കേസുകള്‍ ചുമത്തുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.