ബറേലി: തട്ടിക്കൊണ്ടു പോയ മകളെ കണ്ടെത്താനുള്ള അന്വേഷണത്തിന് പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിതാവ് ആത്മഹത്യ ചെയ്തു. ബറേലി മൗ ചന്ദ്പുര്‍ സ്വദേശി ശിശുപാല്‍ (45) ആണ് ജീവനൊടുക്കിയത്.

ഇയാളുടെ മകളായ 22 കാരിയെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് കുറച്ച്‌ പേര്‍ ചേര്‍ന്ന് കടത്തിക്കൊണ്ടു പോയിരുന്നു. പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണം നടത്താന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഔന്‍ലാ പൊലീസ് സ്റ്റേഷനില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്‍പതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബണ്ടി, മുകേഷ്, ദിനേശ് എന്നീ മൂന്ന് പേര്‍ ചേര്‍ന്ന് മകളെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ശിശുപാലിന്‍റെ പരാതി.
എന്നാല്‍ കേസ് അന്വേഷിക്കാന്‍ രാംനഗര്‍ പൊലീസ് ഔട്ട്പോസ്റ്റ് ഇന്‍ചാര്‍ജ് രാം രത്തന്‍ സിംഗ് ഒരുലക്ഷം രൂപ കൈക്കൂലി ആയി ആവശ്യപ്പെട്ടു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇതിനെ തുടര്‍ന്ന് ഇയാള്‍ ആകെ അസ്വസ്ഥനായിരുന്നു. പിന്നാലെയാണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

തൂങ്ങിമരിച്ച നിലയിലാണ് ശിശുപാലിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. ശിശുപാലിന്‍റെ മരണവിവരം അറിഞ്ഞ് ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ സംഭവ സ്ഥലത്തെത്തിയിരുന്നു.

ആത്മഹത്യാകുറിപ്പ് കണ്ടെത്തിയ ഇയാള്‍ അതും പോക്കറ്റിലാക്കി കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട സബ് ഇന്‍സ്പെക്ടറെ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. പണം ആവശ്യപ്പെട്ടുവെന്ന പരാതി സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും ഇവര്‍ വ്യക്തമാക്കി.