ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,68,912 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഈ സമയത്ത് മാത്രം രാജ്യത്ത് 879 പേരാണ് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിന് മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച കണക്ക് പ്രകാരം കൊവിഡ് റിക്കവറി നിരക്ക് 90 ശതമാനത്തില്‍ താഴെ 89.51 ശതമാനമായി.
രാജ്യത്ത് സജീവമായ കൊറോണ വൈറസ് കേസുകള്‍ 12.64 ലക്ഷമായി ഉയര്‍ന്നു. മരണസംഖ്യ 1,71,058 ആയി ഉയര്‍ന്നു. 879 പ്രതിദിനം പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, രാജ്യത്ത് സ്പുട്നിക് വാക്സിന് കഴിഞ്ഞ ദിവസം രാജ്യം അനുമതി നല്കി. സ്പുട്നിക്-വി എന്ന റഷ്യന്‍ വാക്സിന് ഇന്ത്യയിലെ വിദഗ്ധ സമിതിയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന കോവിഷീല്‍ഡിനും കോവാക്സിനും ശേഷം ഇന്ത്യ അംഗീകരിച്ച മൂന്നാമത്തെ വാക്സിനാണിത്.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് ഇന്ത്യയില്‍ സ്പുട്നിക് 5 വാക്സിന് ഉപയോഗിക്കുന്നതിന് അനുമതി തേടിയിട്ടുള്ളത്. 2020 സെപ്റ്റംബറിലാണ് നടത്താന്‍ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് ഡോ. റെഡ്ഡീസ് ലാബുമായി ചേര്‍ന്ന് ഇന്ത്യയില്‍ സ്പുട്നിക് 5 വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ആദ്യ വിദേശ നിര്‍മ്മിത വാക്സിനാണ് സ്പുട്നിക്.