ലഖ്​നോ: ബാബരി മസ്​ജിദ്​ തകര്‍ത്ത കേസില്‍ ബി.ജെ.പി നേതാവ്​ എല്‍.കെ. അദ്വാനി അടക്കം മുഴുവന്‍ പ്രതികളെയും വെറുതെവിട്ട റിട്ട. സി.ബി.ഐ ജഡ്​ജിയെ ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍ ഉപ ലോകായുക്തയായി നിയമിച്ചു. ജഡ്​ജി സുരേന്ദ്ര കുമാര്‍ യാദവിനെയാണ്​ വിരമിച്ചശേഷം ഉപ ലോകായുക്തയായി നിയമിച്ചത്​.

”യാദവിനെ മൂന്നാം ഉപ ലോകായുക്തയായി ഗവര്‍ണര്‍ ഏപ്രില്‍ ആറിന്​ നിയമിച്ചിരുന്നു. ലോകായുക്​ത സഞ്​ജയ്​ മിശ്ര മുമ്ബാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു” -ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

സി.ബി.ഐ പ്രത്യേക കോടതി ജഡ്​ജി ആയിരിക്കെ ബാബരി പള്ളി തകര്‍ത്ത കേസില്‍ 2020 സെപ്​റ്റംബര്‍ 30നാണ് എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്​ എന്നിവരടക്കം 32 പ്രതികളെയും ​വെറുതെവിട്ട് വിധി പ്രസ്​താവിച്ചത്.
പൊതുപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരായ അഴിമതി, അധികാരദുര്‍വിനിയോഗം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കുന്ന സ്​റ്റാറ്റ്യൂട്ടറി അതോറിറ്റിയായ ലോകായുക്തയില്‍ ഒരു ലോകായുക്തയും മൂന്ന്​ ഉപ ലോകായുക്തമാരുമാണ്​ ഉണ്ടാവുക. എട്ടു വര്‍ഷമാണ്​ ഈ പദവിയുടെ കാലാവധി.