കോഴിക്കോട്: വിജിലന്‍സ് റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ.എം ഷാജി എംഎല്‍എ. വിജിലന്‍സിനെ ഉപയോഗിച്ചുള്ള റെയ്ഡിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പക പോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ലെന്നും ഇത് തനിക്ക് തിരിച്ചുനല്‍കേണ്ടി വരുമെന്നും കെ.എം ഷാജി പ്രസ്താവനയില്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാകുമെന്ന് ധരിച്ച്‌ എത്തിയാണ് വിജിലന്‍സുകാര്‍ പണം കൈവശപ്പെടുത്തിയതെന്ന് എംഎല്‍എ പറഞ്ഞു. എല്ലാ രേഖയും ഉള്ളതിനാലാണ് പിണറായി പോലീസ് നിരന്തരം വേട്ടയാടിയിട്ടും പണം വീട്ടില്‍ തന്നെ സൂക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഏത് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലും ഹാജരാക്കാന്‍ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരില്‍ ഇല്ലെന്നും എല്ലാത്തിനും പിന്നില്‍ പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, അരക്കോടി രൂപയാണ് ഷാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജിലന്‍സ് പിടിച്ചെടുത്തത്. ബന്ധുവിന്റെ ഭൂമി ആവശ്യത്തിനുള്ള തുകയാണ് കണ്ടെത്തിയത് എന്നാണ് ഷാജിയുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസമാണ് അന്വേഷണ സംഘത്തോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.