ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ മുയലിനെ കള്ളന് കൊണ്ടുപോയ ആധിയിലാണ് ആനെറ്റ് എഡ്വാഡ്സ്. 129 സെന്റീമീറ്റര്‍ നീളവുമായി 2010ല്‍ ഗിന്നസ് ലോക റെക്കോഡ് പുസ്തകത്തില്‍ കയറിപ്പറ്റിയ ‘ഡാരിയസി’നെ വോര്‍സെസ്റ്റര്‍ഷയറിലെ ആനെറ്റിന്റെ വീടിനോടു ചേര്‍ന്നുള്ള കൂട്ടില്‍നിന്നാണ് കഴിഞ്ഞ ദിവസം കള്ളന് മോഷ്ടിച്ചത്.
റെക്കോഡിന്റെ കനം മാത്രമല്ല, സ്നേഹത്തിന്റെ അടുപ്പം കൂടിയുള്ളതിനാല്‍ എടുത്തവര്‍ ഉടന്‍ തിരിച്ചുതരണമെന്നേ ഇവര്‍ക്ക് ആവശ്യമുള്ളൂ. പ്രായക്കൂടുതലുള്ളതിനാല്‍ ഇനിയും കുഞ്ഞുങ്ങള്‍ ഇവര്ക്കുണ്ടാകില്ലെന്നും ആ ആവശ്യമാണ് പ്രേരണയെങ്കില്‍ തത്കാലം നടക്കില്ലെന്നും ആനെറ്റ് പറയുന്നു. തിരികെ ഏല്പിച്ചാല് 1,000 പൗണ്ട് സമ്മാനം നല്‍കും.
ഏപ്രില്‍ 10നും 11നുമിയില്‍ രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അറിയിക്കാന്‍ നമ്ബറും പൊലീസ് നല്‍കിയിട്ടുണ്ട്.
ബ്രിട്ടീഷ് പോര്‍ട്ടലായ ഡെയ്ലി മെയ്ലില് വന്ന ഒരു ലേഖനത്തിനു പിന്നാലയാണ് ‘ഡാരിയസ്’ ഗിന്നസിലേറുന്നത്. ഡാരിയസിന്റെ അമ്മയുടെ പേരിലായിരുന്നു നേരത്തെ ഏറ്റവും വലിയ മുയലെന്ന റെക്കോഡ്.