കൊച്ചി: ലുലു മാളില്‍ തോക്കും തിരയും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അവസാനഘട്ടത്തില്‍ എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ചകിലം നാഗരാജു. പ്രതി ഇന്നോ നാളെയോ പിടിയിലാകും. പ്രതി ബോധപൂര്‍വമാണ് തോക്കും തിരയും ഉപേക്ഷിച്ചതെന്നും കൂടുതല്‍ കാര്യങ്ങള്‍ പ്രതി പിടിയിലായ ശേഷം വെളിപ്പെടുത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ഏപ്രില്‍ മൂന്നിനാണ് ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തുന്നത്. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. ലുലു മാളിലെ ജീവനക്കാരാണ് തോക്ക് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

തുണിസഞ്ചിയില്‍ പൊതിഞ്ഞു ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. 1964 മോഡല്‍ തോക്കാണ് കണ്ടെത്തിയത്. തോക്കും വെടിയുണ്ടകളും ഫോറന്‍സിക് പരിശോധനക്ക് അയച്ചു.