ആലപ്പുഴ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറെ ഉയര്‍ന്നിരിക്കുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും റംസാന്‍ വൃതാനുഷ്ഠാനവും നോമ്ബുതുറ ഉള്‍പ്പെടെയുള്ള കൂടിച്ചേരലുകളും കര്‍ശനമായ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാവണമെന്നും ഹരിത ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ പറഞ്ഞു.

കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലയിലെ മഹല്ല് കമ്മറ്റി ഭാരവാഹികളുടെയും പള്ളികമ്മറ്റി നേതാക്കളുടെയും സമുദായ നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളികളിലും പ്രാര്‍ത്ഥനാലയങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കണം. പ്രാര്‍ത്ഥനയ്ക്ക് വരുമ്ബോള്‍ മുസല്ല കൊണ്ടുവരണം. പള്ളികളിലും നോമ്ബുതുറയുള്ള സ്ഥലങ്ങളിലും സാനിട്ടൈസര്‍, കൈകഴുകുന്നതിനുള്ള സോപ്പ്, വെള്ളം എന്നിവ ഭാരവാഹികള്‍ കരുതണം. നോമ്ബുതുറ സ്ഥലത്തും നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. അടച്ചിട്ട പള്ളികളിലും ഓഡിറ്റോറിയത്തിലും പരമാവധി 100 പേരും തുറസ്സായ സ്ഥലത്ത് 200 പേരും എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണം.

പള്ളികളിലെത്തുന്നവരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. വാക്സിനേഷന്‍ പരമാവധി പേര്‍ സ്വീകരിക്കുന്നതിന് പള്ളികളിലെ ഇമാമുമാര്‍ ബോധവത്കരണം നടത്തണം. മാസ്ക് ധരിക്കണമെന്ന നിര്‍ദ്ദേശം എല്ലാവരിലും എത്തണമെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.
റംസാന്‍ വൃതാനുഷ്ഠാനവുമായി ബന്ധപ്പെട്ടും തുടര്‍ന്നും ഹരിത ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. നോമ്ബുതുറയ്ക്ക് ആഹാരപാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍, ചില്ല്, മണ്ണ്, സെറാമിക്സ് എന്നിവ കൊണ്ട് ഉണ്ടാക്കിയ ഗ്ലാസ്സുകളും പാത്രങ്ങളും സജ്ജീകരിക്കണം.
ആവശ്യാനുസരണം കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പാത്രങ്ങള്‍ ജമാഅത്ത് കമ്മിറ്റികള്‍ നേരിട്ടോ വിശ്വാസികളില്‍ നിന്നും സംഭാവനയായി സ്പോണ്‍സര്‍ഷിപ്പിലൂടെയോ ഉപയോഗത്തിനായി വാങ്ങി സൂക്ഷിക്കണം. ഭക്ഷണ മാലിന്യം ശേഖരിച്ച്‌ അതാതിടങ്ങളില്‍ വളക്കുഴി നിര്‍മിച്ച്‌ അതില്‍ നിക്ഷേപിച്ചു വളമാക്കി മാറ്റുന്നതിന് ശ്രമിക്കണം. നോമ്ബുതുറ, ഇഫ്താര്‍ , വിരുന്ന് എന്നിവ സ്പോണ്‍സര്‍ ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കുന്നതിന് നിര്‍ദ്ദേശം നല്‍കണം. പ്രചാരണ പരിപാടികള്‍ക്ക് ഫ്ലക്സ് ഒഴിവാക്കി പ്രകൃതി സൗഹൃദ ബാനറുകള്‍ ശീലമാക്കണം.

നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും ഡിസ്പോസിബിള്‍ വസ്തുക്കളും പൂര്‍ണമായി ഒഴിവാക്കണം. നോമ്ബുതുറ, ഇഫ്താര്‍, പെരുന്നാള്‍ ആഘോഷം നബിദിനാഘോഷം എന്നിവയോടനുബന്ധിച്ചുള്ള ഭക്ഷണപ്പൊതി വിതരണം വാഴയില പോലുള്ള പ്രകൃതിസൗഹൃദ വസ്തുക്കളിലാക്കണം. റാലികള്‍, സമ്മേളനങ്ങള്‍, മത പ്രഭാഷണ പരമ്ബരകള്‍ എന്നിവ സംഘടിപ്പിക്കുമ്ബോള്‍ ആഹാരപാനീയങ്ങള്‍ പ്രകൃതി സൗഹൃദ പാത്രങ്ങളില്‍ നല്‍കണം. പരമാവധി പേര്‍ വാക്സിനേഷന്‍ സ്വീകരിക്കണമെന്നും കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.

മാസ്ക്, സാനിട്ടൈസര്‍, സാമൂഹിക അകലം എന്നിവ വിവരിക്കുന്ന ലഘുലേഖ ജനങ്ങള്‍ കാണുന്ന വിധം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകണമെന്നും കളക്ടര്‍ പറഞ്ഞു. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിലാണ് കളക്ടറുടെ അധ്യക്ഷതയില്‍ യോഗം വിളിച്ചുചേര്‍ത്തത്.