ന്യൂഡല്‍ഹി: റഷ്യയുടെ സ്​പുട്​നിക്​ 5 വാക്​സിന്​ ഇന്ത്യയില്‍ നിയന്ത്രിത ഉപയോഗത്തിന്​ അനുമതി നല്‍കി. ഡ്രഗ്​സ്​ കണ്‍ട്രോളര്‍ക്ക്​ കീഴിലുള്ള വിദഗ്​ധ സമിതിയാണ്​ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ വാക്​സിന്​ അടിയന്തര പ്രാധാന്യത്തോടെ നിയന്ത്രിത ഉപയോഗത്തിന്​ അനുമതി നല്‍കിയത്​. റഷ്യയി​ലെ ഗാമലേയ റിസര്‍ച്ച്‌​ ഇന്‍സ്റ്റിറ്റ്യൂട്ട്​ വികസിപ്പിച്ച വാക്​സിന്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്​ മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തിലാണ്​ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്​ പുറത്തിറങ്ങിയിട്ടില്ല.

ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്​സിനാണ്​ സ്​പുട്​നിക്​ 5. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ്​, ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിന്‍ എന്നിവയാണ്​ മറ്റുള്ളവ. ക്ഷാമം മൂലം കേരളമടക്കമുള്ള സംസ്​ഥാനങ്ങള്‍ കൂടുതല്‍ വാക്​സിന്‍ ആവശ്യപ്പെട്ട്​ തുടങ്ങിയതിന്‍റെ പശ്​ചാത്തലത്തിലാണ്​ ഇന്ത്യ സ്​പുട്​നിക്​ 5ന്​ അടിയന്തര ഉപയോഗാനുമതി നല്‍കിയത്​.