ആലപ്പുഴ : കോവിഡ് വ്യാപനത്തിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാന്‍ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നടപടികള്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ പഞ്ചായത്ത്‌ /നഗരസഭാ തല ജാഗ്രതാ സമിതികള്‍ തിങ്കളാഴ്ച തന്നെ അടിയന്തിര യോഗം ചേര്‍ന്നു. കോവിഡ് വ്യാപനം കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്ത സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് തദ്ദേശ സ്ഥാപനങ്ങള്‍ യോഗം ചേര്‍ന്നത്.

അതത് പഞ്ചായത്തുകളിലും നഗരസഭകളിലും നിലവിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ വരും ദിവസങ്ങളില്‍ ചേരും. ഇതോടൊപ്പം തന്നെ വാക്സിനേഷന്‍ വേഗത്തിലാക്കാനും ലക്ഷ്യമിട്ട് പ്രാദേശിക തലത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ജനങ്ങളിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുവാന്‍ മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ നടത്തും. കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പ്രാദേശികമായി കൂടുതല്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നതിന്റെ സാധ്യതകളും വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ ചര്‍ച്ച ചെയ്തു.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കുകയും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി പിഴ ചുമത്തുകയും ചെയ്യാനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കും. ഉത്സവ പരിപാടികള്‍ കര്‍ശന നിയന്ത്രണത്തോട് കൂടി മാത്രമേ നടത്താവൂ എന്ന് ബന്ധപ്പെട്ട ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

ആരോഗ്യ പ്രവര്‍ത്തകരുടെ ലഭ്യതകുറവുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കാനും വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ജാഗ്രതാ സമിതി യോഗങ്ങളില്‍ തീരുമാനിച്ചു.