തിരുവനന്തപുരം: കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറി കോർ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം കേരളത്തിൽ ഏഴായിരത്തിൽ അധികം രോഗികളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചില ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ കൂടുതലാണ്. ഈ സഹചര്യത്തിൽ കേരളത്തിൽ നിയന്ത്രണങ്ങൾ ഇനിയും കടുപ്പിച്ചേക്കും.

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രായോഗികമല്ലാത്തതിനാൽ സ്വയം പ്രതിരോധത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിയ്ക്കാനുള്ള നടപടിയുണ്ടാകും. കൂട്ടം ചേരലുകൾ ഒഴിവാക്കാനുള്ള നടപടികൾ യോഗത്തിൽ ചർച്ചയായേക്കും. അതേസമയം ജനിതക വ്യതിയാനം വന്ന വൈറസുകളുടെ പരിശോധന സംസ്ഥാനം വ്യാപിപ്പിച്ചിട്ടുണ്ട്.

വിവിധ ജില്ലകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഡൽഹിയിലേക്ക് അയച്ചു. കൊറോണയുടെ രണ്ടാം തരംഗത്തിൽ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പ്രതിദിന കേസുകൾ പതിനായിരം കവിയുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജാഗ്രതയോടെയുള്ള പ്രതിരോധ നടപടികൾക്ക് ആരോഗ്യ വകുപ്പ് ഊന്നൽ നൽകുകയാണ്. പരിശോധന വർധിപ്പിച്ച് രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് വകുപ്പിന്റെ ശ്രമം.