റായ്പൂർ : ഛത്തീസ്ഗഡിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകരാക്രമണം. ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണത്തിനായി എത്തിച്ച വാഹനങ്ങൾക്ക് ഭീകരർ തീയിട്ടു. ബിജാപൂർ ജില്ലയിൽ വൈകീട്ടോടെയായിരുന്നു സംഭവം.

മിംഗാചൽ നദിയുടെ തീരത്താണ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. വൈകീട്ടോടെ വാഹനങ്ങളിലായി എത്തിയ ഭീകര സംഘം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച് തൊഴിലാളികളോട് മടങ്ങിപ്പോകാൻ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ പോകില്ലെന്ന് അറിയിച്ചതോടെ ഭീകരർ തൊഴിലാളികള കയ്യേറ്റം ചെയ്തു. ഇതിന് പിന്നാലെയാണ് വാഹനങ്ങൾക്ക് തീയിട്ടത്.

കോൺക്രീറ്റ് മിക്‌സിംഗ് യന്ത്രം, ട്രാക്റ്റർ, ജെസിബി, എന്നിവയ്ക്കാണ് തീയിട്ടത്. സംഭവ ശേഷം ഭീകരർ വാഹനങ്ങളിൽ കടന്നുകളഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു. 12 ഓളം ഭീകരരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കമ്യൂണിസ്റ്റ് ഭീകര സാന്നിദ്ധ്യം കൂടുതലുള്ള ഛത്തീസ്ഗഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ബിജാപൂരിൽ കമ്യൂണിസ്റ്റ് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ 22 സൈനികർ വീരമൃത്യുവരിച്ചിരുന്നു. ഇതിന്റെ ഭയത്തിൽ നിന്നും ആളുകൾ മോചിതരാകുന്നതിന് മുൻപാണ് വീണ്ടും ആക്രമണം ഉണ്ടായത്. താരേം വന മേഖലയിൽ ആയിരുന്നു കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്.