മുംബൈ: കുതിച്ചുയരുന്ന കൊറോണ രോഗികളുടെ എണ്ണം നിയന്ത്രിക്കാനാകാതെ മഹാരാഷ്ട്ര. ഞായറാഴ്ച മാത്രം 63294 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. ശനിയാഴ്ചത്തെ രോഗബാധിതരെക്കാൾ 14 ശതമാനം അധികമാണിത്. 309 മരണവും ഞായറാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഞായറാഴ്ചത്തെ കണക്കുകൾ പുറത്തുവന്നതോടെ സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം 5.65 ലക്ഷമായി ഉയർന്നു. ശനിയാഴ്ച 55, 411 പേർക്കായിരുന്നു വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. പൂനെയിലാണ് ഞായറാഴ്ച ഏറ്റവും കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. 12,590 പേർക്കാണ് ഇവിടെ വൈറസ് ബാധ ഉണ്ടായത്. 16 പേർ മരിക്കുകയും ചെയ്തു. തൊട്ടുപിന്നിൽ മുംബൈയാണ്. 9,989 പേരിലാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. 58 മരണവും റിപ്പോർട്ട് ചെയ്തു.

നാഗ്പൂരിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണ് ഞായറാഴ്ച ഉണ്ടായത്. 6791 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. 34 മരണങ്ങളും ഉണ്ടായി. താനെയിൽ 2870 പേർക്കും നാസിക്കിൽ 3332 പേർക്കും ഞായറാഴ്ച രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്തെ കൊറോണ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ലോക്ഡൗൺ ഉൾപ്പെടെയുളള വിഷയങ്ങൾ ചർച്ച ചെയ്തു. ആരോഗ്യമന്ത്രി രാജേഷ് തോപ്പെ, ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. സഞ്ജയ് ഓക് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

നിയന്ത്രണങ്ങൾ കർശനമാക്കാനും നിയന്ത്രണം ലംഘിക്കുന്നവരിൽ നിന്നും പിഴയീടാക്കാനും യോഗത്തിൽ നിർദ്ദേശം നൽകി. ലോക്ഡൗൺ ഏർപ്പെടുത്തുന്നതിൽ 14 ന് ശേഷം തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കി.