മുംബൈ: പെണ്‍കുട്ടിയെ കണ്ണിറുക്കി കാണിക്കുകയും ഫ്‌ളെയിങ് കിസ് നല്‍കുകയും ചെയ്ത കേസില്‍ അയല്‍വാസിയായ 20കാരന് തടവ് ശിക്ഷ. മുംബൈയിലെ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചത് ലൈംഗികമായി ഉപദ്രവിക്കുന്നതിന്റെ പരിധിയില്‍ വരുമെന്ന് കോടതി നിരീക്ഷിച്ചു. 14കാരിയാണ് പരാതിക്കാരി. ഒരു വര്‍ഷം മുമ്ബാണ് കേസിന് ആസ്പദമായ സംഭവം. പ്രതിക്ക് 15000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഇതില്‍ 10000 രൂപ പെണ്‍കുട്ടിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയും സഹോദരിയും വീടിന് പുറത്തിറങ്ങിയപ്പോള്‍ അയല്‍വാസിയായ യുവാവ് കണ്ണിറുക്കി കാണിക്കുകയായിരുന്നു. ഫ്‌ളെയിങ് കിസ് നല്‍കുകയും ചെയ്തു. ഇതിന് മുമ്പും പ്രതി ഇത്തരത്തില്‍ കാണിച്ചിട്ടുണ്ട് എന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുവുമായി ബെറ്റ് വച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന പ്രതിഭാഗത്തിന്റെ വാദം പെണ്‍കുട്ടി നിഷേധിച്ചു. യുവാവ് മുമ്പും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നു എന്ന് പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ മൊഴി നല്‍കി.

സംഭവം നടന്ന ദിവസം യുവാവുമായി പെണ്‍കുട്ടി ഈ വിഷയത്തില്‍ തര്‍ക്കിച്ചിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതും അറസ്റ്റ് നടന്നതും. പെണ്‍കുട്ടി ആരോപിക്കുന്ന കാര്യങ്ങള്‍ ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്ന് പ്രതിഭാഗം വാദിച്ചു. കേസില്‍ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ലെന്നും അവര്‍ വാദിച്ചു. സംഭവത്തിന് ശേഷം പ്രതി പെണ്‍കുട്ടിയുമായി തര്‍ക്കിച്ചിരുന്നു എന്ന കാര്യം എടുത്തുപറഞ്ഞ കോടതി പെണ്‍കുട്ടിക്ക് നേരെ കണ്ണിറുക്കി കാണിക്കുന്നത് ലൈംഗികമായ പീഡനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും വിലയിരുത്തി.