ന്യൂഡല്‍ഹി: രാജ്യത്ത് നാലു ദിവസത്തെ വാക്‌സിന്‍ ഉത്സവം ആരംഭിക്കാനിരിക്കെ വാക്‌സിന്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നതുള്‍പ്പെടെയുള്ള നാലു കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘രാജ്യം നാലു ദിവസത്തേക്ക് വാക്‌സിന്‍ ഉത്സവം ആരംഭിക്കാന്‍ പോകുന്നു. നാലു കാര്യങ്ങള്‍ പാലിക്കാന്‍ ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. വാക്‌സിന്‍ സ്വീകരിക്കാന്‍ സഹായം ആവശ്യമുള്ളവരെ സഹായിക്കുക, കോവിഡ് ചികിത്സയില്‍ കഴിയുന്നവരെ സഹായിക്കുക, മാസ്‌ക് ധരിക്കുകയും മറ്റുള്ളവരെ ബോധവത്കരിക്കുകയും ചെയ്യുക, ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ ആ പ്രദേശത്തെ മൈക്രോ കണ്ടെയ്ന്‍മെന്റെ് സോണ്‍ ആക്കുക’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കോവിഡിനെതിരായ രണ്ടാം യുദ്ധമാണ് വാക്‌സിന്‍ ഉത്സവമെന്ന് അദ്ദേഹം പറഞ്ഞു. മാസ്‌ക് ധരിക്കുന്നതിലൂടെ ആളുകള്‍ക്ക് തങ്ങളെയും മറ്റുവള്ളവരെയുംസംരക്ഷിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍, ചികിത്സ, സംരക്ഷണം എന്നിവയും മനസ്സലുണ്ടാവണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പ്രായമായ ആളുകള്‍ക്കും വാക്‌സിനെക്കുറിച്ച്‌ അറിയാത്ത ആളുകള്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതിന് സഹായിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

‘വാക്‌സിന്‍ ജാബ് പാഴാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. രാജ്യത്തിന്റെ പ്രതിരോധ കുത്തിവയ്പ് ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിലേക്ക് നാം നീങ്ങണം’അദ്ദേഹം പറഞ്ഞു. ഈ നാലു ദിവസങ്ങളില്‍ വാക്‌സിനേഷന്‍ ഡ്രൈവിന്റെ വ്യക്തിപരവും സാമൂഹികപരവും ഭരണപരവുമായ തലങ്ങളില്‍ ലക്ഷ്യങ്ങള്‍ നിശ്ചയിക്കേണ്ടതുണ്ടെന്നും അവ നിറവേറ്റാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി രാജ്യത്തുടനീളം വാക്‌സിന്‍ ഉത്സവം നടത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചതോടെ യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുക എന്നതാണ് വാക്‌സിന്‍ ഉത്സവമെന്നതിലൂടെ ലക്ഷ്യമിടുന്നത്.

‘പ്രത്യേക ക്യാമ്ബയിനിലൂടെ രാജ്യത്ത് യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. വാക്‌സിന്‍ ഉത്സവ സമയത്ത് വാക്‌സിന്‍ പഴാക്കാതിരിക്കുകയാണെങ്കില്‍ വാക്‌സിനേഷന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. വാക്‌സിന്‍ പരമാവധി പ്രയോജനപ്പെടുത്തുക. ഇത് ഇപ്പോഴത്തെ സാഹചര്യം മാറ്റാന്‍ സഹായകരമാകും. യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമമാണ് വാക്‌സിന്‍ ഉത്സവത്തിലൂടെ ലക്ഷ്യമിടുന്നത്’പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമുള്ള യോഗത്തില്‍ പറഞ്ഞു.

അതേസമയം രാജ്യത്ത് 85 ദിവസത്തിനുള്ളില്‍ 10 കോടി വാക്‌സിന്‍ നല്‍കി. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്‌സിനേഷന്‍ ആണിത്. 10 കോടി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ യു എസ് 89 ദിവസം എടുത്തു. ചൈന 102 ദിവസവും എടുത്തു. ആഗോള തലത്തില്‍ ഇന്ത്യ പ്രതിദിനം 38,93,288 ഡോസുകളാണ് നല്‍കുന്നത്. രാജ്യത്ത് ഇതുവരെ 10,12,84,282 ഡോസ് വാക്‌സിന്‍ നല്‍കി.