ഹൈദരാബാദ്: ഇന്ത്യന്‍ കായികലോകത്തെ ഒരുപോലെ ഞെട്ടിച്ച്‌ ഒളിംപിക്സ് വെള്ളിമെഡല്‍ ജേതാവായ ബാഡ്മിന്റന്‍ ‍താരം പി.വി. സിന്ധുവിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ‘ഡെന്‍മാര്‍ക്ക് ഓപ്പണാണ് ഏറ്റവും ഒടുവിലത്തേത്, ഞാന്‍ വിരമിക്കുന്നു’ എന്ന് ആരംഭിക്കുന്ന ട്വീറ്റോടെയാണ് സിന്ധു ആരാധകരെയെും കായികലോകത്തെയും ഒരുപോലെ ഞെട്ടിച്ചത്.

പക്ഷേ, ട്വീറ്റിന്റെ വിശദാംശങ്ങളിലേക്ക് കടക്കുമ്പോഴാണ് ട്വിസ്റ്റ്. ആരാധകര്‍ ഞെട്ടിയതുപോലെ ബാഡ്മിന്റനില്‍നിന്നല്ല സിന്ധുവിന്റെ വിരമിക്കല്‍. യഥാര്‍ത്ഥത്തില്‍ കോവിഡിനെ കുറിച്ചാണ് സിന്ധു ട്വീറ്റ് ചെയ്തത്. ഏത് കഠിനമായ എതിരാളിയെ നേരിടാനും ഞാന്‍ പരിശീലനം നടത്തിയിരുന്നു. മുമ്പും ഞാനത് ചെയ്തിട്ടുണ്ട്. എന്നാല്‍ അദൃശ്യനായ ഈ വൈറസിനെ ഞാന്‍ എങ്ങനെയാണ് നേരിടുക.

ഈ കോവിഡ് കാലത്ത് ഒരുപാട് പേരുടെ ദുരന്തകഥകളാണ് കേട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ എനിക്ക് ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കളിക്കാന്‍ സാധിക്കാത്തത് അതില്‍ അവസാനത്തേത്തായിരുന്നു. ഞാന്‍ നെഗറ്റിവിറ്റിയില്‍ നിന്ന് വിരമിക്കുന്നു. ഭയത്തില്‍ നിന്നും അനിശ്ചിതത്വത്തില്‍ നിന്നും വിരമിക്കുന്നുവെന്ന് സിന്ധു കുറിപ്പില്‍ വിശദമാക്കി.