കൊച്ചി : നെടുമ്പാശേരി വിമാനത്താവളം വഴി ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തി സ്വര്‍ണം കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു.
ഇങ്ങിനെ കടത്താന്‍ ശ്രമിച്ച ജ്യൂസ് നിറച്ച ആറ് ബോട്ടിലുകള്‍ ഒരു യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് പിടികൂടി. ആറ് ബോട്ടിലുകളിലായി ഏകദേശം രണ്ടര കിലോയോളം സ്വര്‍ണ്ണം ഉണ്ടായിരുന്നു. ഇതിന് ഒരു കോടിയോളം വിലവരുമെന്ന് കണക്കുകൂട്ടുന്നു.
അസിസ്റ്റന്റ് കമ്മീഷണര്‍ മൊയ്തീന് നയനയുടെയും സൂപ്രണ്ട്മാരായ ഷീല , മീന റാം സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് ടീമാണ് സ്വര്‍ണം പിടികൂടിയത്. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ദ്രാവകരൂപത്തില്‍ മാംഗോജ്യൂസിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് എന്നു പറയപ്പെടുന്നു . ഫ്ലൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത് .
ജ്യൂസില്‍ ദ്രാവകരൂപത്തിലുള്ള സ്വര്‍ണം കണ്ടെത്താന്‍ ഉള്ള സംവിധാനങ്ങളൊന്നും ഇപ്പോള്‍ വിമാനത്താവളത്തില്‍ ഇല്ല. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലോ രഹസ്യവിവരമോ ആയിരിക്കാം ഇത് പിടികൂടാന്‍ സഹായകരമായത് എന്ന് കരുതുന്നു. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.