കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ പടരുന്നത് ജനിതക വ്യതിയാനം വന്ന വൈറസാണോ എന്നറിയാന്‍ പരിശോധന തുടങ്ങി.

ദില്ലി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന.

പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങള്‍ നേരത്തെ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തിയിരുന്നു.

കേരളത്തില്‍ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എന്‍ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.

പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതരം വൈറസാണിത്. ഇതുകൂടാതെ കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് രണ്ടാം തരംഗ സാന്നിധ്യം പ്രകടമായ കേരളം വീണ്ടും പരിശോധന നടത്തുന്നത്.

പതിനാല് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്ബിളുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജിയിലേക്ക് അയച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഫലം കിട്ടുമെന്നാണ് പ്രതീക്ഷ. ‌