ചെന്നൈ : ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ ഭർത്താവിനെ ഭാര്യ ജീവനോടെ തീ കൊളുത്തിക്കൊന്നു. പവർ ലൂം ഉടമയായ കെ. രംഗരാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 57 കാരിയായ ആർ. ജ്യോതിമണിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 15ന് നടന്ന സംഭവത്തിന്റെ നിർണായക വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്.

അപകടത്തെ തുടർന്ന് രംഗരാജൻ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സ പൂർത്തിയാക്കി വരുന്നതിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്. സഞ്ചരിച്ചിരുന്ന കാർ കത്തിയാണ് ഭർത്താവ് മരിച്ചതെന്നാണ് ജ്യോതിമണി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ കൊലചെയ്യാൻ ജ്യോതിമണിയെ സഹായിച്ച ബന്ധുവിന്റെ മൊഴിയിൽ സംശയം തോന്നിയ പോലീസ് സംഭവം വിശദമായി അന്വേഷിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വരുകയായിരുന്ന രംഗരാജനൊപ്പം ജ്യോതിമണിയും, ബന്ധുവും മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. പെരുമനല്ലൂർ എത്തിയപ്പോൾ വാഹനം നിർത്തി ജ്യോതിമണിയും, ബന്ധുവും പുറത്തിറങ്ങി. ശേഷം വാഹനത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

ജ്യോതിമണിയെ നോമിനിയാക്കി 3.5 കോടി രൂപയുടെ മൂന്ന് ഇൻഷൂറൻസ് പോളിസികൾ രംഗരാജന് ഉണ്ടായിരുന്നു. ഇത് തട്ടിയെടുക്കുകയായിരുന്നു കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി.