മുംബൈ: ശിഖർ ധവാന്റെയും പൃഥ്വി ഷായുടെയും ബാറ്റിംഗ് വെടിക്കെട്ടിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തകർപ്പൻ ജയം നേടി ഡൽഹി ക്യാപ്പിറ്റൽസ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തിരുന്നു. എന്നാൽ എട്ട് പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ലക്ഷ്യം മറികടക്കുകയായിരുന്നു.

ഓപ്പണിംഗ് കൂട്ടുകെട്ടിൽ 82 പന്തുകളിൽ നിന്ന് 138 റൺസെടുത്ത ശിഖർ ധവാനും പൃഥ്വി ഷായും ആണ് ഡൽഹിയെ വിജയത്തിലേക്ക് കൈ പിടിച്ചു നടത്തിയത്. ശിഖർ ധവാൻ 54 പന്തിൽ നിന്ന് 85 റൺസും പൃഥ്വി ഷാ 38 പന്തുകളിൽ നിന്ന് 72 റൺസും നേടി.
ശിഖർ ധവാൻ ആണ് മാൻ ഓഫ് ദ മാച്ച്.

മാർക്കസ് സ്റ്റോയ്നിസ് 14 റൺസെടുത്തു. ക്യാപ്റ്റൻ ഋഷഭ് പന്ത് 15 റൺസ് എടുത്ത് പുറത്താകാതെ നിന്നു .

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് സ്കോർ ബാേർഡിൽ ഏഴ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. തുടർന്ന് മാെയിൻ അലിയും (24 പന്തുകളിൽ 36 ) സുരേഷ് റെയ്നയും (36 പന്തുകളിൽ 54) ആണ് ചെന്നൈയുടെ സ്കോറിന് അടിത്തറ പാകിയത്. ക്യാപ്റ്റൻ ധോണിയെ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ അനുവദിക്കാതെ ആവേശ് ഖാൻ ക്ലീൻ ബൗൾഡാക്കി.

രവീന്ദ്ര ജഡേജ (17 പന്തുകളിൽ 26) സാം കറൻ (15 പന്തുകളിൽ 34 ) അമ്പാട്ടി റായിഡു (16 പന്തുകളിൽ 23 ) തുടങ്ങിയവരാണ് ചെന്നൈയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

സ്കോർ ബോർഡ്
ചെന്നെെ സൂപ്പർ കിംഗ്സ്
20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ്

ഡൽഹി ക്യാപ്പിറ്റൽസ്

18 .4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ്