ഇന്നലെ നടന്ന ബാംഗ്ലൂര്‍- മുംബൈ മത്സരത്തില്‍ ബാംഗ്ലൂരിന്റെ വിജയത്തില്‍ നെടും തൂണായി നിന്നത് സൗത്ത് ആഫ്രിക്കന്‍ താരം ഡി വില്ലിയേഴ്സിന്റെ തകര്‍പ്പന്‍ ബാറ്റിങ് തന്നെയായിരുന്നു. എന്നത്തെയും പോലെ തന്നെ ബാംഗ്ലൂര്‍ ടീം സമ്മര്‍ദത്തിലാകുമ്ബോള്‍ രക്ഷകനായി ക്രീസില്‍ നിലയുറപ്പിക്കുന്ന ഡി വില്ലിയേഴ്‌സിനെ തന്നെയാണ് ഇന്നലെയും കാണാന്‍ കഴിഞ്ഞത്. ഒരു വശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുമ്ബോഴും നവംബറിനു ശേഷം മത്സര ക്രിക്കറ്റ് കളിച്ചിട്ടേയില്ലാത്ത ഡി വില്ലിയേഴ്സ് ലോകോത്തര ബൗളര്‍മാര്‍ക്കെതിരെ പിടിച്ചു നിന്നു. ബൗളര്‍മാരുടെ ലൈനോ ലെങ്ത്തോ ഒന്ന് മാറിയാല്‍ അതിര്‍ത്തി കടത്തി ശിക്ഷിക്കുന്നതിലും ഒരു മാറ്റവുമില്ല. അവസാന ലാപ്പില്‍ ഒന്ന് കാലിടറിയെങ്കിലും മൊത്തത്തില്‍ അതൊരു ഡി വില്ലിയേഴ്സ് ഷോ തന്നെ ആയിരുന്നു. 27 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറുമടക്കം 48 റണ്‍സുമായി കളി ആര്‍ സി ബിക്ക് അനുകൂലമാക്കിയത് ഡി വില്ലിയേഴ്‌സായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച താരം അഞ്ച് മാസത്തിലേറെയായി യാതൊരു മത്സരങ്ങളും കളിച്ചിരുന്നില്ല. ഇപ്പോഴിതാ ഡി വില്ലിയേഴ്‌സിനെ വാനോളം പ്രശംസിച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. സേവാഗ് മാത്രമല്ല ക്രിക്കറ്റ് ഇതിഹാസങ്ങളായ മാത്യു ഹെയ്ഡന്‍, ബ്രയാന്‍ ലാറ എന്നിവരും അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഡി വില്ലിയേഴ്‌സിന്റെ ഷോട്ട് കണ്ടിട്ട് രഹസ്യമായാണ് ഐ പി എല്‍ ലോഗോ രൂപകല്‍പ്പന ചെയ്തതെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. മനക്കരുത്ത് എന്നത് ഡിവില്ലിയേഴ്‌സാണെന്നും അത് എല്ലാ കരുത്തിനെക്കാളും മുകളിലാണെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

ട്രെന്റ് ബോള്‍ട്ടിന്റെ ഒരു നക്കിള്‍ ബോള്‍ പിക്ക് ചെയ്തു പേസ് ജനറേറ്റ് ചെയ്തു ഡി വില്ലിയേഴ്സ് അതിര്‍ത്തി കടത്തിയത് ആരാധകര്‍ക്ക് വിസ്മയ വിരുന്നാണ് ഒരുക്കിയത്. ബുമ്രക്ക് പോലും പെര്‍ഫെക്റ്റ് യോര്‍ക്കര്‍ എന്ന ഓപ്ഷന്‍ അല്ലാതെ വേറൊരു ഓപ്ഷന്‍ ഇല്ലാത്ത വിധം വിനാശകാരിയായി തുടരുകയാണ് ഡി വില്ലിയേഴ്‌സ് ഇപ്പോഴും. ബാംഗ്ലൂരിന്റെ മാക്സ്വെല്‍, കോഹ്ലി ലൈന്‍ അപ്പില്‍ ഫിനിഷര്‍ സ്ഥാനത്ത് ഡി വില്ലിയേഴ്‌സ് ചേരുന്നതോടെ എതിരാളികള്‍ക്ക് സമ്മര്‍ദം കൂടുകയാണ്.

177ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റുവീശിയ എ ബി ഡി മുംബൈ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ഒടുവില്‍ ദൗര്‍ഭാഗ്യകരമായ റണ്ണൗട്ട് സംഭവിച്ചില്ലായിരുന്നെങ്കില്‍ ഐ പി എല്‍ 14ആം സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി ഡി വില്ലിയേഴ്‌സ് സ്വന്തമാക്കുമായിരുന്നു. 37ആം വയസിലും തന്റെ പ്രതിഭ നിലനിര്‍ത്താന്‍ കഴിയുന്ന എ ബി ഡിക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്.