തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് മന്ത്രി കെ.ടി. ജലീലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടാത്ത പ്രിവിലേജാണ് പിണറായി ഇയാള്‍ക്ക് നല്‍കുന്നത്. ജലീല്‍ കൂടി ഉള്‍പ്പെട്ട പിണറായിയുടെ ഇടപാട് പുറത്തു വരുമെന്ന് പേടിച്ചാണിത്. ജലീലിനെ മുഖ്യമന്ത്രിക്ക് പേടിയാണെന്നും പണ്ട് കുഞ്ഞാലിക്കുട്ടിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു ജലീലെന്നും മുരളീധരന്‍ ആരോപിച്ചു.

ഗവര്‍ണറും ഹൈക്കോടതിയും പരിശോധിക്കുന്നതു പോലെയല്ല ലോകായുക്ത പരിശോധന. ഇത് പൊതുജനത്തിന് അറിയാത്തതുകൊണ്ടാണ് സി.പി.എം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ മാത്രമല്ല സംസ്ഥാന അഴിമതി വിരുദ്ധ ഏജന്‍സികളേയും സി.പി.എം തള്ളുകയാണ്. സ്വജനപക്ഷപാതം അഴിമതിയാണെന്നാണ് സി.പി.എം നിലപാടെങ്കില്‍ അതിനെ ബാലന്‍ തള്ളുകയാണ് ചെയ്യുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജലീല്‍ ഇപ്പോള്‍ രാജിവെക്കേണ്ടതില്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ഏതെങ്കിലും ഒരു കീഴ്‌ക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അപ്പോള്‍ തന്നെ രാജിവെക്കുന്ന സാഹചര്യം കേരളത്തിലില്ല. ബന്ധു നിയമപരമായി അര്‍ഹനാണോ എന്നുള്ളതേ നമ്മള്‍ പരിശോധിക്കേണ്ടതുള്ളൂ. ഡെപ്യൂട്ടേഷനില്‍ ബന്ധു പറ്റില്ല എന്ന് നിയമത്തില്‍ എവിടേയും പറയുന്നില്ല. അങ്ങനെ ആണെങ്കില്‍ ഒരു സ്ഥലത്തും ബന്ധുക്കളെ നിയമിക്കാന്‍ പറ്റില്ലെന്ന സ്ഥിതിയിലേക്ക് എത്തേണ്ടി വരുമെന്നും ബാലന്‍ പറഞ്ഞിരുന്നു.