ഗുരുവായൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക തിരിച്ചടയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടിരൂപയാണ് ദേവസ്വം സംഭാവന നല്‍കിയത്. ഇതിനെതിരെ ബിജെപി നേതാവ് നഗരേഷാണ് ഹൈക്കോടതിയെ സമീപിക്കുകയും പണം തിരിച്ചടയ്ക്കാന്‍ കോടതി ഉത്തരവ് വാങ്ങുകയുമായിരുന്നു.

2018, 2020 വര്‍ഷങ്ങളിലായി അഞ്ച് കോടി വീതം രണ്ട് തവണയായാണ് ദേവസം ബോര്‍ഡ് ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ സംഭാവന ചെയ്തത്. ഇത് വിവാദമായതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹിന്ദു ഐക്യവേദിയും ക്ഷേത്രസംരക്ഷണസമിതിയും ദേവസ്വത്തിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് ദേവസ്വം തുക ഗുരുവായൂരപ്പന്റേതാണ്. ക്ഷേത്ര സംബന്ധിയല്ലാത്ത കാര്യങ്ങള്‍ക്കായി ആ പണം ചെലവഴിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതിന് മുമ്ബും ദേവസ്വം വന്‍ തുകകള്‍ സംഭാവന ചെയ്യുകയും വിവാദമാവുകയും ചെയ്തിരുന്നു. ലക്ഷം വീട് പദ്ധതിക്കായി അരക്കോടി നല്‍കുകയും സോവനീറില്‍ പരസ്യം നല്‍കുകയും ചെയ്തിരുന്നും. അപ്പോഴും കോടതി ഈ പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അപ്പോഴൊക്കെ പണം തിരിച്ചടച്ച ദേവസ്വം ബോര്‍ഡ് ആദ്യമായാണ് കോടതി ഉത്തരവിെതിരെ മേല്‍ക്കോടതിയില്‍ പോകാന്‍ ഒരുങ്ങുന്നത്.

അതേസമയം ചില ദുരന്തങ്ങള്‍ വന്നുചേരുമ്ബോള്‍ നിയമത്തില്‍ മാത്രം അടയിരിക്കാതെ കാര്യങ്ങളെ വിശാലമായി കാണേണ്ടതുണ്ടെന്നാണ് ദേവസ്വം വിലയിരുത്തുന്നത്. ഭഗവാന്‍ കൃഷ്ണന്‍ ആപത് ബാന്ധവനാണ്. ആപത്തില്‍പ്പെട്ടവരെ സഹായിക്കുകയെന്നതുതന്നെയാണ് കൃഷ്ണസങ്കല്‍പം. മനുഷ്യരാശിയെ മുഴുവന്‍ നാശംവിതയ്ക്കുന്ന ദുരന്തമുണ്ടാകുമ്ബോള്‍ സഹജീവികളെ സഹായിക്കുന്നത് മാനവസേവയായും കാണണമെന്ന് ദേവസ്വം ഭരണസമിതിയംഗമായ അഡ്വ. കെ.വി. മോഹനകൃഷ്ണന്‍ പ്രതികരിച്ചത്.