തിരുവനന്തപുരം: ബന്ധുവായ അദീബിന്റെ യോഗ്യതക്ക് അനുസരിച്ച്‌ മാറ്റം വരുത്താന്‍ മന്ത്രി കെ ടി ജലീല്‍ നിര്‍ദേശിച്ച കത്ത് പുറത്ത്. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലെ യോഗ്യതയില്‍ മാറ്റം വരുത്താന്‍ മന്ത്രി നിര്‍ദേശിച്ച കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ സെക്രട്ടറിക്കായിരുന്നു കത്ത്. ബന്ധുവായ അദീബിന്റെ നിയമനത്തിനായി മന്ത്രി തന്നെയാണ് മാറ്റം നിര്‍ദേശിച്ചത്. ലോകായുക്ത ഉത്തരവിന്റ പ്രധാന കാരണം ജലീലിന്റെ ഈ കത്താണ്.

സ്വജനപക്ഷപാതം കാണിച്ച ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമാണ് ലോകായുക്താ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ന്യൂന പക്ഷ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ്‌ ഷാഫി നല്‍കിയ പരാതിയിലാണ് വിധി.

ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയില്‍ പറയുന്നു. ജലീലിനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയില്‍ ആവശ്യപ്പെടുന്നുണ്ട്. ബന്ധുനിയമനത്തില്‍ ജലീലിന്റേത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു.

അതേസമയം, ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെ ടി ജലീല്‍. ഇതുസംബന്ധിച്ച്‌ നിയമ വിദഗ്ധരുമായി ആലോചന തുടങ്ങി. ഹൈക്കോടതി അഴധിക്കാല ബെഞ്ചിലേക്ക് അടിയന്തിര പ്രാധാന്യത്തോടെ ഹര്‍ജി എത്തിക്കാനാണ് ശ്രമം.