കൊല്ലം: മന്‍സൂര്‍ കൊലക്കെസിലെ രണ്ടാം പ്രതിയായ രതീഷ് കൂലോത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംശയം ഉന്നയിച്ച്‌ പ്രതിപക്ഷത്ത് നിന്ന് കൂടുതല്‍ നേതാക്കള്‍. സിപിഎം സമ്മര്‍ദ്ദത്തിലാകുന്ന കേസുകളില്‍ മുഖ്യപ്രതി മരണപ്പെടുന്നത് പതിവാണെന്നാണ് ഷിബു ബേബി ജോണ്‍ ആരോപിക്കുന്നത്.

ഷിബു ബേബി ജോണിന്റെ പ്രതികരണം: ‘ കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. അടുത്ത കാലത്തായി സി.പി.എം സമ്മര്‍ദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും അതെങ്ങനെ സംഭവിക്കുന്നു…?

കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ്: ഒരു പ്രതി കൊല്ലപ്പെട്ടു.

ശുക്കൂര്‍ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.

ഫസല്‍ വധക്കേസ് : മൂന്ന് പ്രതികള്‍ കൊല്ലപ്പെട്ടു.

വാളയാര്‍ ഇരട്ട കൊല : ഒരു പ്രതി ആത്മഹത്യ ചെയ്തു.

മന്‍സൂര്‍ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.

സ്വന്തം അയല്‍ക്കാരനെയും സുഹൃത്തിനെയും പോലും ബോംബെറിഞ്ഞും ക്രൂരമായി വെട്ടിയും കുത്തിയും കൊല്ലാന്‍ ഒരു മടിയും ഇല്ലാത്തവര്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം മനസ്സിന് ബലമില്ലാത്തവരാണെന്ന് വിശ്വസിക്കാന്‍ ആര്‍ക്ക് കഴിയും?

ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാനുള്ള ആസൂത്രിത കൊലപാതകങ്ങള്‍ ആണിതെല്ലാമെല്ലാം എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? പാര്‍ട്ടിയ്ക്ക് വേണ്ടി ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവരെ, നിങ്ങള്‍ക്ക് പിന്നിലും പാര്‍ട്ടിയുടെ കൊലയാളിക്കണ്ണുകള്‍ കാത്തിരിപ്പുണ്ടെന്ന് ഓര്‍ക്കുക” എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.

കഴിഞ്ഞ ദിവസമാണ് രതീഷ് കൂലോത്തിനെ ആളൊഴിഞ്ഞ പറമ്ബില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മന്‍സൂര്‍ കൊല്ലപ്പെട്ടതിന് ശേഷം രതീഷ് ഒളിവില്‍ പോയിരുന്നു. തൃത്താല എംഎല്‍എ വിടി ബല്‍റാം അടക്കമുളളവര്‍ രതീഷിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച്‌ രംഗത്ത് വന്നിരുന്നു. ”ഗുരുതരമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാവുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പാനൂരിലെ മന്‍സൂര്‍ കൊലപാതകം ഉടന്‍ സിബിഐ അന്വേഷണത്തിന് വിടണം” എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.