ഒരു വര്‍ഷത്തിലധികമായി കൊറോണ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ നിത്യ ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയിട്ട്. മില്യണ്‍ കണക്കിന് ആളുകളാണ് മഹാമാരി കാരണം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. വൈറസിന്റെ രണ്ടാം ഘട്ടത്തിന് സാക്ഷിയായി കൊണ്ടിരിക്കുന്ന ഈ സമയത്തില്‍ ചുരുങ്ങിയത് വാക്സിന്‍ എങ്കിലും ലഭ്യമായി തുടങ്ങി എന്നത് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

കോവിഡ് 19 വൈറസില്‍ നിന്ന് രക്ഷ നേടാന്‍ ഇന്ത്യക്കും ഇന്ത്യക്ക് പുറത്തുമായി നിരവധി ആളുകള്‍ ഇപ്പോള്‍ തന്നെ വൈറസ് വാക്സിന്‍ സ്വീകരിച്ച്‌ കഴിഞ്ഞിട്ടുണ്ട്. കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചത് മറ്റാരും ആഘോഷിക്കാത്ത രീതിയില്‍ ആഘോഷിച്ചിരിക്കുകയാണ് ഒരു കനേഡിയന്‍ സിഖ് കലാകാരന്‍. Today, I received my second dose of the Covid-19 vaccine. Then I went to a frozen lake in the lap of pure nature to dance Punjabi Bhangra on it for joy, hope and positivity, which I’m dispatching to Canada and beyond for everyone’s good health.

 

ആഘോഷങ്ങള്‍ക്ക് അറിയപ്പെട്ടവരാണ് പഞ്ചാബികള്‍. അതുകൊണ്ടു തന്നെ വാക്സിന്‍ സ്വീകരിച്ചത് തണുത്തുറച്ച ഒരു തടാകത്തിന് കുറുകെ നൃത്തം ചവിട്ടിയാണ് കനേഡിയന്‍ കലാകാരനായ ഗുര്‍ദീപ് പാന്തര്‍ ആഘോഷിച്ചത്. നമ്മളില്‍ അധികമാളുകള്‍ക്കും നടക്കാന്‍ പോലും സാധിക്കാതെ വരുന്ന ഐസ് കൂനക്കു മുകളില്‍ തന്റെ നൃത്ത കല പുറത്തെടുത്ത് കൊണ്ട് ശ്രദ്ധേയനാകുകയാണ് ഇദ്ദേഹം.

സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയ ഈ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനുള്ളില്‍ ഏഴു ലക്ഷത്തിലധികം പേരാണ് കണ്ടത്. 28,000 ലധികം പേര്‍ ലൈക്ക് ചെയ്ത ഈ പോസ്റ്റിന് വളരെ വലിയ സ്വീകാര്യതയാണ് സൈബര്‍ ലോകത്ത് ലഭിച്ചിരിക്കുന്നത്.

വാക്സിന്‍ സ്വീകരിച്ച ശേഷം വളരെ സന്തോഷം തോന്നിയ അദ്ദേഹം അത് പ്രകടിപ്പിക്കാനാണ് നൃത്തം ചെയ്തതെന്ന് പറയുന്നു. ലോകമെമ്ബാടുമുള്ള ആളുകള്‍ക്ക് സന്തോഷവും പോസിറ്റീവ് എനര്‍ജിയും നല്‍കാന്‍ വേണ്ടിയിട്ടാണ് തടാകത്തിനു മുകളില്‍ പോയി ഡാന്‍സ് ചെയ്തത് എന്ന് പറയുന്ന അദ്ദേഹം ഈ വീഡിയോ കാനഡയ്ക്ക് പുറത്തുള്ള ആളുകള്‍ക്കായി സമര്‍പ്പിക്കുന്നു എന്നും പറയുന്നു.

രണ്ടാംഘട്ട വാക്സിന്‍ സ്വീകരിച്ചതിന് നിരവധി പേരാണ് പാന്തറിനെ അഭിനന്ദിക്കുന്നത്. ഇത്തരത്തില്‍ സന്തോഷം രേഖപ്പെടുത്തിയതിന് നിരവധി പേര്‍ അദ്ദേഹത്തെ അനുമോദിക്കുന്നുണ്ട്. എനിക്കും വാക്സിന്‍ എടുത്തപ്പോള്‍ ഇതേ വികാരമാണ് ഉണ്ടായിരുന്നത്. ഹേഗില്‍ നിന്ന് എല്ലാവിധ അഭിനന്ദനങ്ങളും, ഒരു ട്വിറ്റര്‍ യൂസര്‍ പ്രതികരിച്ചു. ഇത്തരം സന്തോഷം വളരെ മനോഹരമായ രീതിയില്‍ പ്രകടിപ്പിച്ചതിന് എല്ലാവിധ ഭാവുകങ്ങളും, താങ്കള്‍ വളരെ മനോഹരമായ ഒരു വ്യക്തിയാണ്, മറ്റൊരാള്‍ എഴുതി.

ഏപ്രില്‍ രണ്ടിന് ആദ്യഘട്ട വാക്സിന്‍ സ്വീകരിച്ചപ്പോഴും സമാനമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. ഏകദേശം മൂന്നു മില്യണിലധികം പേര്‍ ആ വീഡിയോ കണ്ടിരുന്നു. ഇതുവരെ ഉള്ളതില്‍ വച്ച്‌ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകളാണ് ഇന്ന് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏതാണ്ട് 1.5 ലക്ഷത്തോളം ആളുകള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചെന്ന് രേഖകള്‍ പറയുന്നു. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 10 ലക്ഷമായി ഉയര്‍ന്നു. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളില്‍ പോകുന്നത്. നാല് ദിവസത്തിനിടെ 6.16 ലക്ഷം ജനങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 3335 പേര്‍ മരണപ്പെടുകയും ചെയ്തു.