സംസ്ഥാനത്ത് മിക്കയിടങ്ങളിലും റേഷന്‍ കടകളിലെ സൗജന്യ വിഷുക്കിറ്റ് വിതരണം നിലച്ചു. വേണ്ടത്ര കിറ്റ് എത്തിക്കാത്തതാണ് കാരണം. 90 ലക്ഷം കാര്‍ഡുടമകളില്‍ വിഷുക്കിറ്റ് ലഭിച്ചത് 4,16,119 പേര്‍ക്ക് മാത്രമാണ്. ഇങ്ങനെ പോയാല്‍ വിഷുവിനു മുന്‍പ്‌ എല്ലാര്‍ക്കും കിറ്റ് ലഭിക്കില്ല.

വോട്ടെടുപ്പിന് മുന്‍പ്‌ വിഷുക്കിറ്റ് വിതരണം ചെയ്യുന്നത് വിവാദമായപ്പോള്‍ അത് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹം വോട്ടെടുപ്പിന് ശേഷം ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. മാര്‍ച്ചിലെ കിറ്റ് വിതരണവും പൂര്‍ത്തിയായിട്ടില്ല. വിഷു സ്‌പെഷ്യല്‍ കിറ്റ് വിതരണം മാര്‍ച്ച്‌ 29നാണ് ആരംഭിച്ചത്.

വിഷുക്കിറ്ര് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതോടെയാണ് വിവാദമായത്. കൊവിഡ് കാലത്തിന്റെ തുടര്‍ച്ചയാണ് കിറ്റ് വിതരണമെന്നും ജനുവരി, ഫെബ്രുവരി, മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ സൗജന്യ കിറ്റ് നല്‍കാന്‍ ഫെബ്രുവരി 16ന് ഉത്തരവ് ഇറക്കിയെന്നും ഭക്ഷ്യസെക്രട്ടറി കമ്മിഷനെ അറിയിച്ചു. കമ്മിഷന്‍ മറുപടി നല്‍കാത്തതിനാല്‍ 29 മുതല്‍ വിതരണം ആരംഭിക്കാന്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നിര്‍ദ്ദേശം നല്‍കി.

14 ഇനങ്ങളുള്ള കിറ്റ് വിതരണത്തിന് ഇ പോസ് മെഷീനില്‍ ക്രമീകരണങ്ങളും വരുത്തി. അന്ത്യോദയ അന്നയോജനയ്ക്ക് (മഞ്ഞ കാര്‍ഡ്) ആദ്യഘട്ട കിറ്റുകള്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ഒന്നു മുതല്‍ കാര്‍ഡ് നോക്കാതെ കിറ്റ് നല്‍കാനുള്ള നിര്‍ദ്ദേശവും റേഷന്‍ കടക്കാര്‍ക്ക് ലഭിച്ചു.

മാര്‍ച്ചിലെ കിറ്റും അപൂര്‍ണം

മാര്‍ച്ചിലെ കിറ്റ് മലബാര്‍ മേഖലയില്‍ ആവശ്യത്തിന് ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തേയും കൊല്ലത്തേയും റേഷന്‍ കടകളില്‍ പലയിടത്തും ആവശ്യത്തിലേറെ കിറ്ര് കിട്ടുകയും ചെയ്തു. വിഷുക്കിറ്റില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്ളതിനാല്‍ ഇത് പകരം നല്‍കാനും റേഷന്‍കടക്കാര്‍ക്ക് കഴിയില്ല. നീല, വെള്ള കാര്‍ഡുകളുടെ മാര്‍ച്ചിലെ കിറ്റാണ് മറ്റ് ജില്ലകളില്‍ കിട്ടാനുള്ളത്.

15 രൂപ നിരക്കില്‍ മുന്‍ഗണനാ വിഭാഗത്തിന് 10 കിലോ അരി നല്‍കാന്‍ തീരുമാനിച്ചെങ്കിലും എല്ലാ റേഷന്‍ കടകളിലും ആവശ്യത്തിന് അരി എത്തിച്ചിട്ടില്ല. ചിലയിടങ്ങളില്‍ അരി ആവശ്യത്തിലേറെ സ്റ്റോക്കുള്ളപ്പോള്‍ മറ്റ് കടകളില്‍ അരി ലഭ്യമല്ലാത്ത അവസ്ഥ. ഹൈക്കോടതിയെ സമീപിച്ച്‌ അനുകൂല ഉത്തരവ് നേടിയ ശേഷമാണ് സൗജന്യനിരക്കിലെ അരി വിതരണം ആരംഭിച്ചത്.

ഏറ്റവും കുറവ് തലസ്ഥാനത്ത്

തിരുവനന്തപുരത്തെ റേഷന്‍ കടകളിലാണ് ഏറ്റവും കുറച്ച്‌ വിഷുക്കിറ്റുകള്‍ വിതരണം ചെയ്തത്. ഇന്നലെ വരെ 9,524 കിറ്റുകള്‍ മാത്രം. തൃശൂരിലാണ് കൂടുതല്‍ പേര്‍ക്ക് കിറ്ര് ലഭിച്ചത് 70,848