കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി. ഉത്തരവ് വരുന്നതു വരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ല എന്നാണ് നിര്‍ദേശം. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹര്‍ജിയില്‍ ഈ മാസം 16നാണ് കോടതി ഉത്തരവ് പറയുക.

അതേസമയം, ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് വ്യാജ തെളിവുണ്ടാക്കുന്നുവെന്നും നിയമനടപടികളെ ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണവുമായി ഇ.ഡി. രംഗെത്തിയിരുന്നു. എഫ്‌ഐ.ആര്‍. അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇ.ഡി. ഹൈക്കോടതിയില്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികള്‍ക്ക് മറുപടിയായി ഇ.ഡി. സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സന്ദീപ് നായരുടെ കത്തിനു പിന്നല്‍ ഉന്നതരാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു.