കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ്ടും നോട്ടീസ് അയച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. സിആര്‍പിഎഫിന് എതിരെയുളള മമത ബാനര്‍ജിയുടെ പരാമര്‍ശത്തിന് എതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ വോട്ടുകള്‍ വിഭജിച്ച്‌ നല്‍കരുത് എന്ന് മുസ്ലീം വിഭാഗത്തോട് ആവശ്യപ്പെട്ടതിന്റെ പേരിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമത ബാനര്‍ജിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

തെറ്റായതും പ്രകോപനം സൃഷ്ടിക്കുന്നതുമായ പരാമര്‍ശമാണ് സിആര്‍പിഎഫിനെതിരെ മമത ബാനര്‍ജി നടത്തിയത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആരോപണം. ശനിയാഴ്ച രാവിലെ 11 മണിക്ക് മുന്‍പ് വിശദീകരണം നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മമതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടിയെടുക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസുകള്‍ക്കെതിരെ മമത ബാനര്‍ജി രൂക്ഷമായി പ്രതികരിച്ച്‌ രംഗത്ത് എത്തി. ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നത് അവസാനിപ്പിക്കുന്നത് വരെ താന്‍ സിആര്‍പിഎഫിന്റെ തിരഞ്ഞെടുപ്പിലെ ഇടപെടലിന് എതിരെ സംസാരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസിനെ ഭയക്കുന്നില്ലെന്നും മമത ബാനര്‍ജി തുറന്നടിച്ചു. ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ നരേന്ദ്ര മോദി പെരുമാറ്റച്ചട്ടം ലംഘിക്കുന്നിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും മമത ബാനര്‍ജി ചോദിക്കുന്നു.