പി ടി തോമസ് എംഎല്‍എയ്ക്ക് എതിരെ വിജിലന്‍സ് അന്വേഷണം. കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് വിജിലന്‍സ് അന്വേഷണം നടത്തുക. എറണാകുളം റേഞ്ച് എസ്പിയുടെ കീഴിലാണ് അന്വേഷണം നടത്തുന്നത്.

പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് ഉത്തരവ് നല്‍കിയിരിക്കുന്നത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പി ടി തോമസിന് എതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇടപ്പള്ളി ഭൂമി വിവാദത്തില്‍ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് കള്ളപ്പണം നല്‍കിയത് എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ തലത്തിലും പരാതി ഉയര്‍ന്നിരുന്നു.

കൊച്ചിയില്‍ ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ ആദായനികുതി വകുപ്പ് പിടികൂടിയിരുന്നു. റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ കൈയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഈ സമയത്ത് പിടി തോമസ് എംഎല്‍എയും സ്ഥലത്തുണ്ടായിരുന്നു എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഉദ്യോഗസ്ഥരെത്തിയതിന് മുന്‍പേ എംഎല്‍എ ഇവിടെ നിന്ന് പോവുകയും ചെയ്തു. ഭൂമിതര്‍ക്കം പരിഹരിക്കാന്‍ എംഎല്‍എ എത്തിയെന്നാണ് സ്ഥലം ഉടമയുടെ വിശദീകരണം.