തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞതോടെ തൃശൂര്‍ ഇനി പൂരച്ചൂടിലേക്ക്. പൂരത്തിന് പാറമേക്കാവ് വിഭാഗം സ്വരാജ് റൗണ്ടില്‍ ഒരുക്കുന്ന പന്തലിന് കാല്‍നാട്ടി. മണികണ്ഠനാല്‍ പന്തലിന്റെ കാല്‍നാട്ട് രാവിലെ എട്ടരക്ക് ശേഷം ഭൂമി പൂജക്ക് ശേഷം നടന്നു. പാറമേക്കാവ് ക്ഷേത്രം മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തിലായിരുന്നു ഭൂമി പൂജാ ചടങ്ങുകള്‍. എടപ്പാള്‍ നാദം ലൈറ്റ് ആന്‍ഡ് സൗണ്ട് ബൈജുവാണ് പന്തല്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.
മന്ത്രി വി.എസ് സുനില്‍കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊലിമ കുറയാതെ തന്നെ തൃശൂര്‍ പൂരം എല്ലാ ചടങ്ങുകളോടെയും ആഘോഷിക്കുമെന്നും സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വം സെക്രട്ടറി ജി.രാജേഷ്, പ്രസിഡണ്ട് കെ.സതീഷ് മേനോന് തുടങ്ങി ദേവസ്വം ഭാരവാഹികളും തട്ടകവാസികളും പങ്കെടുത്തു. ഈ മാസം 23നാണ് പൂരം. കോവിഡ് വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ആശങ്കകളുണ്ടെങ്കിലും പൂരം നടത്താനാവുമെന്നാണ് ദേവസ്വങ്ങള്‍ പ്രതീക്ഷിക്കുന്നത്.