തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റല്‍ വോട്ടുകളില്‍ കൃത്രിമം നടന്നതായി ചൂണ്ടിക്കാണിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സംസ്ഥാന ചീഫ് ഇലക്‌ട്രറല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കി. ‘ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പോസ്റ്റല്‍ വോട്ടുകള്‍ സമാഹരിച്ചത്. സീല്‍ ചെയ്ത കവറുകളിലല്ല മറിച്ച്‌ സഞ്ചിയിലാണ് പല ബൂത്തുകളിലും വോട്ടര്‍മാരില്‍ നിന്നും ബാലറ്റ് വാങ്ങിയതെന്ന് കെ.സുരേന്ദ്രന്റെ പരാതിയില്‍ പറയുന്നു.

ഉപയോഗിക്കാത്ത പോസ്റ്റല്‍ ബാലറ്റുകള്‍ ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഇതിനെ സംബന്ധിച്ച്‌ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള ആശങ്ക പരിഹരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഒരു മണ്ഡലത്തില്‍ എത്ര പോസ്റ്റല്‍ ബാലറ്റുകള്‍ പ്രിന്റ് ചെയ്തു? 80 വയസിന് മുകളിലുള്ള എത്ര പേര്‍ക്ക് ഓരോ മണ്ഡലത്തിലും പോസ്റ്റല്‍ ബാലറ്റ് നല്‍കി ? ഇതില്‍ എത്ര ബാലറ്റുകള്‍ സെര്‍വ് ചെയ്തു? എത്ര എണ്ണം ബാലന്‍സ് ഉണ്ട് ? എത്ര കൊവിഡ് രോഗികള്‍ക്ക് നല്‍കി ? ബാക്കി വന്നവ എന്തു ചെയ്തു ? എന്നീ ചോദ്യങ്ങളാണ് പരാതിയിലുള്ളത്.

സമാഹരിച്ച പോസ്റ്റല്‍ ബാലറ്റുകള്‍ കൗണ്ടിംഗ് സ്റ്റേഷനുകളില്‍ സുരക്ഷിതമായി എത്തുന്നുവെന്ന് കമ്മീഷന്‍ ഉറപ്പ് വരുത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.