ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹാജരാക്കി. ബിനീഷിന്റെ കസ്റ്റഡി കാലാവധി കോടതി ശനിയാഴ്ച വരെ നീട്ടി. ബിനീഷിന് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതിനാല്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാനായില്ലെന്നും 10 ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.

പത്തു തവണ ഛര്‍ദിച്ചെന്നു ബിനീഷ് കോടതിയില്‍ പറഞ്ഞു. കടുത്ത ശാരീരിക അവശതയുണ്ടെന്നും ബിനീഷ് അറിയിച്ചു.അതിനിടെ ബിനീഷ് കോടിയേരിയെ കാണാന്‍ ഇഡി ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കാത്തതിനെതിരെ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കില്ല. നവംബര്‍ അഞ്ചിന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. കാണാന്‍ പോലും സമ്മതിക്കാതെ ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിനു സ്വാഭാവിക നീതി നിഷേധിക്കുകയാണെന്നു അഭിഭാഷകര്‍ കോടതിയിലും ആവര്‍ത്തിക്കും.

50 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെടുന്ന കേസില്‍ ജാമ്യം അനുവദിക്കാന്‍ നിയമമുണ്ടെന്നും, പണത്തിന്‍റെ സ്രോതസ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനോടകം സമര്‍പ്പിച്ചിട്ടുണ്ടെന്നും ബീനിഷ് നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.