ദില്ലി: വേണ്ടത് ലോക്ക്ഡൗണ്‍ അല്ല, യുദ്ധകാലാടിസ്ഥാനത്തിലുളള നിയന്ത്രണങ്ങളെന്ന് പ്രധാനമന്ത്രി. അതേസമയം കൊവിഡ് സംബന്ധിച്ച് രാജ്യം വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിട്ടുകെണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റിയെന്നും ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം പൊതുജനങ്ങളില്‍ രോഗത്തെക്കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകള്‍ കൂട്ടണം. രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണം. വാക്സിനേഷന് പോലെ തന്നെ പ്രധാനമാണ് പരിശോധനയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആര്‍ടിപിസിആര്‍ പരിശോധന കൂട്ടുമ്ബോള്‍ രോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല, രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസം വേണമെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം കണ്ടെയ്ന്മെന്റ് സോണുകളില്‍ ആദ്യം പരിശോധന കൂട്ടുക. സമ്ബര്‍ക്ക പട്ടിക 72 മണിക്കൂറിനുള്ളില്‍ തയ്യാറാക്കുക. സമ്ബര്‍ക്ക പട്ടികയിലുള്ളവരെയും പരിശോധിക്കുക. സമ്ബര്‍ക്ക പട്ടിക തയ്യാറാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക. മരണ നിരക്കെങ്കിലും കുറയ്ക്കാനാകണം. 70 ശതമാനം പേരിലെങ്കിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. എന്നാല്‍ ഇനി രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഇതിന് പരിഹാരമല്ല എന്നും, ലോക്ക് ഡൗണ്‍ സാമ്ബത്തിക മേഖലക്ക് ഇനി താങ്ങാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം നാല്പത്തിയഞ്ച് വയസിന് മുകളിലുള്ള എല്ലാവരും വാക്സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണം. വരുന്ന ഞായര്‍ മുതല്‍ ബുധന്‍ വരെ വാക്സിന് ഉത്സവമായി ആചരിക്കും. വാക്സിനെടുത്താലും മാസ്ക് ഉപയോഗിക്കണം. ജനപ്രതിനിധികള്‍ വെബിനാറുകള്‍ നടത്തി ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും കലാകാരന്മാര്ക്കും, കായിക താരങ്ങള്‍ക്കും ബോധവത്ക്കരണത്തില്‍ പങ്കാളികളാകാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.