കൊച്ചി: പതിമൂന്ന് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടതിന് പിന്നാലെ അപ്രത്യക്ഷനായ പിതാവ് സനുമോഹനെ തേടിയുളള പൊലീസ് അന്വേഷണം വഴിമുട്ടി. സനു മോഹന്റെ അടുത്ത ബന്ധുക്കളെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. കേസ് ക്രൈംബ്രാഞ്ചിന് വിടാനുളള ആലോചന ഉന്നതതലത്തില്‍ നടക്കുന്നുണ്ട്.
തൃക്കാക്കര പൊലീസിന്റെ അന്വേഷണം തുടക്കത്തിലെ തന്നെ പാളിയതാണ് പതിമൂന്നുകാരി വൈഗയുടെ മരണത്തിലും പിന്നാലെയുളള പിതാവിന്റെ തിരോധാനത്തിലും പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്ഥലംമാറിയെത്തിയ തൃക്കാക്കരയിലെ ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ തെളിവ് ശേഖരണത്തില്‍ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്.
തിരഞ്ഞെടുപ്പ് ചുമതലകളുടെ പേര് പറഞ്ഞതായിരുന്നു ചില ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ ഇടപെടാതെ മാറി നിന്നത്. സനുമോഹന്റെ ചില്ലറ സാമ്ബത്തിക തട്ടിപ്പുകള്‍ അറിയാമെന്നല്ലാതെ മഹാരാഷ്ട്രയില്‍ അടക്കമുളള വന്‍ സാമ്ബത്തിക തട്ടിപ്പുകളെ കുറിച്ച് ബന്ധുക്കള്‍ക്ക് ആര്‍ക്കും കാര്യമായി അറിയില്ല. ഭാര്യയെ ആലപ്പുഴയിലെ വീട്ടിലാക്കിയശേഷം മകളുമായി കൊച്ചിയിലേക്ക് തിരിച്ചുപോയത് സംബന്ധിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്.
തൃക്കാക്കരയിലെ ഫ്ലാറ്റില്‍ നിന്ന് ബെഡ് ഷീറ്റ് പുതപ്പിച്ച് പെണ്‍കുട്ടിയെ സനുമോഹന് എടുത്തു കൊണ്ടുപോയതായി മൊഴി കിട്ടിയിട്ടുണ്ട്. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇക്കാര്യങ്ങളിലൊന്നും കാര്യമായ അന്വേഷണ പുരോഗതിയുണ്ടാക്കാന്‍ തൃക്കാക്കര പൊലീസിനാകാത്തതാണ് അന്വേഷണം വഴിമുട്ടിച്ചിരിക്കുന്നത്.